balvant-parekh

ഫെവിക്കോൾ, ക്രിക്കറ്റ് മത്സരങ്ങൾക്കിടയിൽ നർമ്മം നിറഞ്ഞ ചെറു പരസ്യങ്ങളിലൂടെ ഇന്ത്യക്കാരുടെ മനസിൽ ചേക്കേറിയ ബ്രാൻഡ്, അതേസമയം മികച്ച ക്വാളിറ്റി കാത്ത്സൂക്ഷിക്കുന്നതിനാൽ ആശാരിമാരുടെ പണിസഞ്ചിയിലെ ഇഷ്ടക്കാരനുമായ ഉത്പന്നം. എന്നാൽ ഫെവിക്കോൾ എന്ന ബ്രാൻഡ് ഇന്ത്യയ്ക്ക് സമ്മാനിച്ച ഫെവിക്കോൾ മാൻ ബൽവന്ത് പരേഖിന്റെ ജീവിതം ഫെവിക്കോൾ പോലെ എവിടെയും ഉറച്ച് നിൽക്കുന്നതായിരുന്നില്ല. ഉറച്ച് നിന്നിരുന്നെങ്കിൽ അദ്ദേഹം ഇന്നും മുംബയിലെ ഒരു മരത്തടി വിൽപ്പന കേന്ദ്രത്തിൽ പ്യൂണായി ജിവിതം കഴിച്ചുകൂട്ടേണ്ടി വന്നേനെ. എളിയ പശ്ചാത്തലത്തിൽ നിന്ന് വളർന്ന് വന്ന് സമ്പന്നനായ ഇന്ത്യക്കാരനായി മാറിയ വ്യവസായിയായ ബൽവന്ത് പരേഖ് എന്ന ഗുജറാത്തിയുടെ ജീവിതം അടുത്തറിയാം.

ബൽവന്ത് പരേഖ് എന്ന ഗുജറാത്തി

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തലമുറ സംരംഭകരിൽ ഒരാളാണ് ബൽവന്ത് പരേഖ്. ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിലെ മഹുവ എന്ന ചെറുപട്ടണത്തിലാണ് ബൽവന്ത് പരേഖ് ജനിച്ചത്. എന്നാൽ ഗുജറാത്തികളുടെ പ്രത്യേകതയായ ബിസിനസ് പാരമ്പര്യമൊന്നും അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായിരുന്നില്ല. മാതാപിതാക്കളുടെ ആഗ്രഹ പ്രകാരം നിയമം പഠിച്ച് അഭിഭാഷകനാകുക എന്ന ലക്ഷ്യത്തോടെയാണ് ബൽവന്ത് പരേഖ് മുംബയിൽ കാല് കുത്തുന്നത്. എന്നാൽ മുംബയിലെ ഗവൺമെന്റ് ലോ കോളേജിൽ നിയമപഠനത്തിന് ചേർന്ന അദ്ദേഹം സ്വാതന്ത്ര്യ സമരത്തിൽ ആകൃഷ്ടനായി ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്തു. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പ്രക്ഷോഭ പാതയിലേക്ക് എടുത്തുചാടി. തിരികെ ഗുജറാത്തിലെത്തി വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുത്ത ശേഷം വിദ്യാഭ്യാസം പൂർത്തിയാക്കാനായി അദ്ദേഹം വീണ്ടും മുംബയിലേക്ക് മടങ്ങി.

നിയമ പഠനം പൂർത്തിയാക്കിയെങ്കിലും അദ്ദേഹം കോടതിയിൽ കേസ് വാദിക്കുവാൻ തയ്യാറായില്ല. നിയമബിരുദം പൂർത്തിയാക്കി ബാർ കൗൺസിൽ പരീക്ഷ പാസായിട്ടും, വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് അദ്ദേഹം അഭിഭാഷകന്റെ വഴിയിൽ നിന്നും മാറി നടന്നു. തൊഴിൽ രഹിതനായി ഇരുന്ന സമയത്താണ് വിവാഹം. തുടർന്ന് ജീവത പ്രാരാബ്ദങ്ങൾ കൂടിയതോടെ അദ്ദേഹം ഡൈയിംഗ് ആൻഡ് പ്രിന്റിംഗ് പ്രസിൽ ജോലി ചെയ്തു, പിന്നീട് ഒരു മരക്കച്ചവട സ്ഥാപനത്തിൽ പ്യൂണായി ജോലിയെടുത്തു. ഇക്കാലയളവിൽ ഭാര്യയോടൊപ്പം ഒരു സുഹൃത്തിന്റെ വെയർഹൗസിലാണ് അദ്ദേഹം താമസിച്ചത്.

balvant-parekh

ഫെവിക്കോൾ മാനിലേക്ക്

1954ൽ ബൽവന്ത് പരേഖ് മുംബയിലെ ജേക്കബ് സർക്കിളിൽ പരേഖ് ഡൈചെം ഇൻഡസ്ട്രീസുമായി ചേർന്ന് ഷോപ്പ് ആരംഭിച്ചു. ഇവിടെ നിന്നും അദ്ദേഹം തന്റെ സഹോദരൻ സുശീൽ പരേഖിനൊപ്പം ടെക്സ്‌റ്റൈൽ പ്രിന്റിംഗിന് ഉപയോഗിക്കുന്ന പിഗ്മെന്റ് എമൽഷനുകൾ നിർമ്മിക്കാൻ തുടങ്ങി. 1959ൽ ഇത് ഒരു കെമിക്കൽ കമ്പനിയായി മാറി. ആദ്യകാലത്ത് സ്വന്തമായി പേരില്ലാത്ത ഉത്പന്നമായിരുന്നു ഇവിടെ നിർമ്മിച്ചിരുന്നത്. പിന്നീട് ഫെവിക്കോൾ പശ ആശാരിമാരുടെ ഇഷ്ട ഉത്പന്നമായി മാറുകയായിരുന്നു. ഫെവികോൾ പിഡിലൈറ്റ് ഇൻഡസ്ട്രീസ് ഈ മേഖലയിൽ കുത്തക സ്ഥാപിച്ചെടുത്തത് വളരെ വേഗത്തിലായിരുന്നു. ഫെവിക്കോളിന് പുറമേ പിഡിലൈറ്റ് എന്ന കമ്പനിയിൽ നിന്നും ഇറങ്ങിയ ഫെവിക്വിക്ക്, എംസീൽ എന്നിവയും വിജയമായി മാറി. 70 ശതമാനം വിപണി വിഹിതം സ്വന്തമാക്കിയാണ് പിഡിലൈറ്റ് തിളങ്ങിയത്.

advt

2006 മുതൽ പിഡിലൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് അമേരിക്ക, തായ്ലൻഡ്, ദുബായ്, ഈജിപ്ത്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ഫാക്ടറികൾ സ്ഥാപിച്ചുകൊണ്ട് അന്താരാഷ്ട്ര വിപുലീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പിഡിലൈറ്റ് സിംഗപ്പൂരിൽ ഒരു ഗവേഷണ കേന്ദ്രവും നിർമ്മിച്ചു. 90കളിൽ ടിവി സ്‌ക്രീനിൽ നിറഞ്ഞ ചെറുതും രസകരവുമായ പരസ്യങ്ങളാണ് കമ്പനിയുടെ വളർച്ചയ്ക്ക് വേഗം കൂട്ടിയത്.

2013ൽ 88ാം വയസിൽ ബൽവന്ത് പരേഖ അന്തരിക്കുമ്പോൾ 1.36 ബില്യൺ ഡോളറിന്റെ കുടുംബ സമ്പത്താണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സ്വപ്നങ്ങളെ ആവേശത്തോടെ പിന്തുടരുകയാണെങ്കിൽ എന്തും നേടാനാവും എന്നാണ് അദ്ദേഹം തെളിയിച്ചത്.