
അനുദിനം വളരുന്ന ലോക ഇലക്‌ട്രോണിക് വാഹന വിപണിയിലേക്ക് കാലെടുത്തുവച്ച് ജപ്പാനിലെ ആഗോള ഇലക്‌ട്രോണിക് ഭീമൻ. സോണി ഗ്രൂപ്പാണ് പുതിയ കമ്പനി ആരംഭിക്കുന്നത്. സോണി മൊബിലിറ്രി എന്നാണ് പുതിയ കമ്പനിയുടെ പേര്.
സോണി ചെയർമാനും പ്രസിഡന്റുമായ കെനിചിറോ യോഷിഡയാണ് വിവരം അറിയിച്ചത്. അമേരിക്കയിൽ ചേർന്ന സിഇഎസ് ടെക്‌നോളജി കോൺഫറൻസിലാണ് അദ്ദേഹം ഈ പ്രഖ്യാപനം നടത്തിയത്. ലോകമാകെയുളള ഇലക്ട്രിക് കാർ വിപണിയുടെ 28 ശതമാനവും കൈയടക്കിയ ഇലോൺ മസ്‌കിന്റെ ടെസ്‌ലയ്‌ക്കും റെനോ-നിസ്സാൻ-മിത്‌സുബിഷി സഖ്യത്തിനും ജർമ്മൻ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗനുമെല്ലാം വലിയ ഭീഷണിയാകുമോ സോണിയെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.
കമ്പനി പ്രഖ്യാപനത്തിന് മുൻപുതന്നെ അവരുടെ പ്രോട്ടോടൈപ് ഇലക്‌ട്രിക് കാർ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. 2020 സിഇഎസ് ടെക്‌നോളജി കോൺഫറൻസിൽ സ്വയം ഓടുന്ന കാറിനെ പരീക്ഷിക്കുമെന്ന് അറിയിച്ചിരുന്നു. ഇമേജ് സെൻസറുകളടക്കം 33 സെൻസറുകളുളള ഇലക്‌ട്രിക് കോൺസപ്‌റ്റ് കാറും അന്ന് സോണി അവതരിപ്പിച്ചിരുന്നു.
ബോഷ്, കോണ്ടിനെന്റൽ തുടങ്ങി കമ്പനികളുടെ സഹകരണത്തോടെ നിർമ്മിച്ച കോൺസെപ്‌റ്റ് കാറിൽ ഇൻ-കാർ വിനോദ സംവിധാനങ്ങളും സ്‌പെഷ്യൽ ഓഡിയോ സാങ്കേതിക വിദ്യയും സോണി ചേർത്തിട്ടുണ്ട്.