
ഭക്ഷണത്തിൽ പരീക്ഷണങ്ങൾ നടത്തി ആവശ്യക്കാരുടെ എണ്ണം കൂട്ടാൻ കച്ചവടക്കാരെല്ലാം മത്സരിക്കുകയാണ്. പലതരം രുചികൾ ഒന്നിച്ച് ചേർത്ത് പുതിയ വിഭവങ്ങൾ പരീക്ഷിക്കുമ്പോൾ ചിലതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്, ചിലതെല്ലാം പൊളിഞ്ഞ് പാളീസാകാറുമുണ്ട്.
അത്തരത്തിലൊരു പരീക്ഷണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മാഗിയിലാണ് പരീക്ഷണം നടത്തുന്നത്. കൊക്കോ കോള ഒഴിച്ച് മാഗിയിൽ പുതുരുചി പരീക്ഷിക്കുകയാണ് ഇവിടെ. ഗാസിയാബാദിലെ ഒരു തെരുവ് കച്ചവടക്കാരനാണ് മാഗി നൂഡിൽസിൽ പരീക്ഷണം നടത്തുന്നത്.
അടുത്തിടെ ഫാന്റ ഒഴിച്ച് മാഗിയിൽ പരീക്ഷണം നടത്തുന്ന ഒരു വീഡിയോയും ഇതുപോലെ വൈറലായിരുന്നു. അതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ കൊക്കോകോള ചേർത്തുള്ള പരീക്ഷണം.
എണ്ണയൊഴിച്ച് പച്ചക്കറി കഷ്‌ണങ്ങൾ വഴറ്റിയെടുത്ത ശേഷമാണ് അതിലേക്ക് കോള ഒഴിക്കുന്നത്. പിന്നെയാണ് മാഗി പൊട്ടിച്ചിടുന്നത്. ഗാസിയാബാദിലുള്ള സാഗർ പിസാ പോയിന്റിലാണ് ഈ ഭക്ഷണം ലഭ്യമാകുന്നത്. തങ്ങളുടെ പ്രിയ ഭക്ഷണത്തെ ഇങ്ങനെ അപമാനിക്കരുതെന്നും ദ്രോഹിക്കരുതെന്നുമാണ് ഏറെ പേരും പറയുന്നത്. എന്നാൽ വീഡിയോയ്‌ക്ക് താഴെ ഗംഭീര രുചിയാണെന്ന് പറയുന്നവരുമുണ്ട്.