
കോഴിക്കോട്: കഴിഞ്ഞ ദിവസം ട്രെയിനിൽ പൊലീസിന്റെ മർദ്ദനമേറ്റ പൊന്നൻ ഷമീർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ചോദ്യം ചെയ്യലിനായി റെയിൽവേ പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് ഷമീർ സംസാരിച്ചത്. പൊലീസ് ചവിട്ടിയോ എന്നത് തനിക്ക് ഓർമയില്ലെന്നും നടന്ന സംഭവത്തെപ്പറ്റി ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു . മദ്യപിച്ചാണ് ട്രെയിനിൽ കയറിയതെന്ന് സമ്മതിക്കുകയും ചെയ്തു.
മാവേലി എക്സ്പ്രസിൽ 35രൂപയുടെ ടിക്കറ്റെടുത്താണ് താൻ കയറിയത്. മദ്യപിച്ച് ട്രെയിനിൽ കയറിയ ശേഷം പൊലീസ് വന്നതും ടിക്കറ്റ് ആവശ്യപ്പെട്ടതും ഓർമയുണ്ട് എന്നാൽ അതിനുശേഷം എന്താണ് നടന്നതെന്ന് ഓർമയില്ല എന്നും ഷമീർ പറഞ്ഞു. ഇറക്കിവിട്ട ശേഷം ബോധമില്ലാതെ റെയിൽവേ സ്റ്റേഷൻ പരിസരത്തുതന്നെ ഉണ്ടായിരുന്നു. ശേഷം കോഴിക്കോട്ടേയ്ക്ക് എത്തുകയായിരുന്നു. നടന്ന സംഭവത്തെപ്പറ്റി അപ്പോഴാണ് താൻ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൊഴിയെടുത്ത ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കും എന്ന് പൊലീസ് അറിയിച്ചു. ഇന്നാണ് ഷമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനു ശേഷം കൂത്തുപറമ്പിലുള്ള വീട്ടിലേയ്ക്ക് ഷമീറിനെ എത്തിക്കും. കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന്റെയും സ്ത്രീകളോട് അപമര്യാദയായി പെരുമാറി എന്നതിന്റെയും പേരിൽ ഷമീറിനെ എഎസ്ഐ എം സി പ്രമോദ് ക്രൂരമായി മർദ്ദിച്ചത്.