
മുംബയ്: അനുവാദം കൂടാതെ നിരവധി മുസ്‌ലിം സ്ത്രീകളുടെ ചിത്രങ്ങളും വിവരങ്ങളും ബുള്ളി ഭായ് എന്ന ആപ്പിലൂടെ വിൽപ്പനയ്ക്ക് വച്ചതിന് ശ്വേത സിംഗ്(18) എന്ന പ്ളസ് ടു വിദ്യാർത്ഥിനിയെ മുംബയ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതിരുന്നു. ഇരുപത്തിയൊന്ന് വയസുകാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥി വിശാൽ കുമാറും കേസിൽ അറസ്റ്റിലായിരുന്നു. ബംഗളൂരുവിൽ നിന്നും അറസ്റ്റിലായ വിശാൽ കുമാറാണ് ശ്വേതയുടെ പേര് വെളിപ്പെടുത്തിയത്. മായങ്ക് റാവൽ എന്നയാളും കേസിൽ ഇന്ന് അറസ്റ്റിലായിട്ടുണ്ട്.
ഇത്തരത്തിലുള്ള മറ്റൊരു ആപ്പ്ളിക്കേഷനായ സുള്ളി ഡീൽസ് എത്തി ആറുമാസത്തിനുള്ളിൽ സമാന രീതിയിൽ ബുള്ളിഭായ് എത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശ്വേത സിംഗ് ആണ് ആപ്പിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും ബുള്ളി ഭായിക്ക് പുറമേ മറ്റ് മൂന്ന് ആപ്പുകളും പെൺകുട്ടി നിയന്ത്രിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ദരിദ്രകുടുംബത്തിലെ അംഗമായ പെൺകുട്ടി പണത്തിന് വേണ്ടിയാണ് കുറ്റകൃത്യം ചെയ്തതെന്ന് ഉത്തരാഖണ്ഡ് പൊലീസ് പറഞ്ഞു.
ശ്വേതയുടെ അമ്മ കാൻസർ ബാധിച്ച് മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ വർഷം കൊവിഡ് ബാധിച്ച് പിതാവും മരണപ്പെട്ടു. കൊമേഴ്സ് ബിരുദധാരിയായ സഹോദരിയും സ്കൂൾ വിദ്യാർത്ഥികളായ സഹോദരനും സഹോദരിയുമാണ് ശ്വേതയ്ക്കുള്ളത്. എഞ്ചിനീയറിംഗ് എൻട്രൻസ് ടെസ്റ്റിനുവേണ്ടി തയ്യാറെടുക്കുകയായിരുന്നു ശ്വേത.
ജത്ത്ക്കൽസ 07 എന്ന വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് വിദ്വേഷ പോസ്റ്റുകളും ആക്ഷേപകരമായ ചിത്രങ്ങളും ശ്വേത പങ്കുവച്ചിരുന്നത്. ഇവരുമായി ബന്ധപ്പെട്ടവരും ഇതേ ആശയം പിന്തുടർന്നിരുന്നു. നേപ്പാൾ സ്വദേശിയായ ഗിയോ എന്ന സൃഹൃത്തിന്റെ നിർദേശപ്രകാരമാണ് ശ്വേത പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. പൊലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണ്.