
മൗണ്ട് മാംഗുനായ്: ന്യൂസിലാൻഡിനെതിരെ ബംഗ്ളാദേശിന്റെ ചരിത്രവിജയത്തിന് പിന്നിൽ പ്രവർത്തിച്ച എബാദോത്ത് ഹൊസൈൻ ചൗധരിയെന്ന ഫാസ്റ്റ് ബൗളർ തന്റെ ഓരോ വിക്കറ്റ് നേട്ടവും ആഘോഷിക്കുന്നത് പ്രത്യേക രീതിയിലാണ്. സല്യൂട്ട് അടിച്ചാണ് എബാദോത്ത് തന്റെ ഓരോ വിക്കറ്റും ആഘോഷിക്കുന്നത്.
സാധാരണ ഗതിയിൽ എതിർകളിക്കാരനെ അപമാനിച്ചെന്ന കാരണത്താൽ ബൗളറിനെതിരെ നടപടിയെടുക്കാൻ ഈയൊരൊറ്റ ആഘോഷം വഴി അമ്പയറിന് സാധിക്കും. എന്നാൽ എബാദോത്തിന്റെ കാര്യത്തിൽ അമ്പയർമാർ ഇതുവരെ അത്തരമൊരു കടുത്ത നടപടി എടുത്തിട്ടില്ല, കാരണം എബാദോത്ത് എതിർകളിക്കാരനെ അപമാനിക്കാനോ കളിയാക്കുന്നതിന് വേണ്ടിയോ അല്ല വിക്കറ്റ് നേട്ടം ഇത്തരത്തിൽ ആഘോഷിക്കുന്നത് എന്നത് തന്നെ കാരണം.
ക്രിക്കറ്റ് താരം ആണെങ്കിലും ഇപ്പോഴും ബംഗ്ളാദേശ് വ്യോമസേനയിലെ സജീവ സൈനികനാണ് എബാദോത്ത്. തന്റെ സൈനിക പശ്ചാത്തലം ഒരു അഭിമാനമായി കാണുന്നതിനാലാണ് എബാദോത്ത് ഓരോ വിക്കറ്റ് നേട്ടത്തിന് ശേഷവും സല്യൂട്ട് നൽകുന്നത്. ഇന്ന് ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയ ശേഷം നടന്ന പത്രസമ്മേളനത്തിൽ എബാദോത്തനോട് ഇതേ ചോദ്യം ചോദിച്ചിരുന്നു. ഒരു സൈനികനായി ഇരിക്കുന്നതിൽ താൻ അഭിമാനിക്കുന്നെന്നും നന്നായി സല്യൂട്ട് അടിക്കാൻ അറിയാവുന്നത് കൊണ്ട് കൂടിയാണ് താൻ വിക്കറ്റ് നേട്ടം ഇത്തരത്തിൽ ആഘോഷിക്കുന്നതെന്നും അല്ലാതെ ആരെയും അപമാനിക്കാൻ വേണ്ടിയല്ലെന്നും എബാദോത്ത് പറഞ്ഞു.
21 വർഷത്തിനിടെ ആദ്യമായാണ് ഒരു ബംഗ്ളാദേശ് ടീം ന്യൂസിലാൻഡിൽ ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ന്യൂസിലാൻഡിന്റെ രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് നേടിയ എബാദോത്തിന്റെ പ്രകടനമാണ് ബംഗ്ളാദേശിനെ ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്. എബാദോത്ത് തന്നെയാണ് കളിയിലെ കേമൻ. എട്ട് വിക്കറ്റിനാണ് ബംഗ്ളാദേശ് ന്യൂസിലാൻഡിനെ തറപറ്റിച്ചത്.