
ചെന്നൈ: കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ് പരിഹരിക്കാൻ ലോക്ഡൗണും രാത്രികാല നിയന്ത്രണവുമായി തമിഴ്‌നാട്. ഞായറാഴ്‌ചകളിൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യ സർവീസുകൾ മാത്രമേ അന്ന് അനുവദിക്കൂ. സ്‌കൂളുകൾ അടയ്‌ക്കും. ഒന്ന് മുതൽ ഒൻപത് വരെയുളള കുട്ടികൾക്ക് ഇനി ഓൺലൈൻ ക്ളാസുകൾ മാത്രം.
രാത്രി 10 മുതൽ പുലർച്ചെ അഞ്ച് വരെയുളള സമയത്ത് അവശ്യസേവനങ്ങൾക്ക് മാത്രമേ അനുമതിയുളളു. ഞായറാഴ്‌ച നടത്താനിരുന്ന മെഗാ വാക്‌സിനേഷൻ ക്യാമ്പെയിൻ ശനിയാഴ്‌ചത്തേക്ക് മാറ്റിയതായി തമിഴ്‌നാട് ആരോഗ്യമന്ത്രി എം.എ സുബ്രഹ്‌മണ്യൻ അറിയിച്ചു.
കടകളും ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും രാത്രി പത്ത് മണിയ്‌ക്ക് അടയ്‌ക്കണം. സംസ്ഥാന സർക്കാർ കൊവിഡ് പ്രതിരോധത്തിന് പൂർണ സജ്ജമാണെന്ന് ഗവർണർ ആർ.എസ് രവി ഇന്ന് നിയമസഭയെ അഭിസംബോധന ചെയ്‌ത് അറിയിച്ചു. 2731 പുതിയ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവർ 27.55 ലക്ഷമായി. ഒമിക്രോൺ രോഗികളുടെ എണ്ണത്തിലും വർദ്ധനയുണ്ടായതോടെ സംസ്ഥാന അതിർത്തികളിൽ തമിഴ്‌നാട് പൊലീസ് പരിശോധന കർശനമാക്കി. പൊതുഗതാഗതം തടയുന്നില്ലെങ്കിലും സ്വകാര്യ വാഹനങ്ങൾ പരിശോധിക്കുന്നുണ്ട്.