
ന്യൂഡൽഹി: പഞ്ചാബ് സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ പാളിച്ചയ്ക്ക് പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജീവനോടെ വിമാനത്താവളത്തിൽ എത്താൻ സഹായിച്ചതിന് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയോട് നന്ദി പറയുന്നുവെന്നാണ് മോദി സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. പ്രതിഷേധക്കാർ വഴിതടഞ്ഞതിനെ തുടർന്ന് റാലിയിൽ പങ്കെടുക്കാതെ മടങ്ങിയ മോദി പഞ്ചാബിലെ ഭതീന്ദ വിമാനത്താവളത്തിൽ എത്തിയശേഷം കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരോടാണ് ഇങ്ങനെ പ്രതികരിച്ചത്.
പഞ്ചാബിലെ ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്കുള്ള യാത്രക്കിടെയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്. കനത്ത മഴയെ തുടർന്ന് ഹെലികോപ്ടർ യാത്ര ഉപേക്ഷിച്ച് കാറിലാണ് പ്രധാനമന്ത്രി ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോയത്. രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡില്‍ പ്രതിഷേധക്കാര്‍ തടസമുണ്ടാക്കുകയായിരുന്നു. തുടർന്ന് ഫ്ലൈ ഓവറില്‍ 15 മുതല്‍ 20 മിനിട്ട് വരെ പ്രധാനമന്ത്രി കുടുങ്ങിയതായും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു.
പ്രധാനമന്ത്രിയുടെ യാത്ര വിവരം പഞ്ചാബ് സർക്കാരിനോട് പങ്കുവച്ചിട്ടും സുരക്ഷ ഒരുക്കിയില്ലെന്ന ആരോപണമാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നത്. സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും ആഭ്യന്തര മന്ത്രാലയം വിശദമാക്കി. അതേസമയം പ്രധാനമന്ത്രി പങ്കെടുക്കേണ്ട റാലികൾ റദ്ദാക്കി. മഴകാരണമെന്നാണ് ഔദ്യോഗിക വിശദീകരണം