
കോട്ടയം: സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുപോകാനുളള സർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് യുഡിഎഫ് തയ്യാറാകുന്നതിനെ പരിഹസിച്ച് ഡിവൈഎഫ്‌ഐ നേതാവ് എസ്.കെ സജീഷ്. കോട്ടയം നഗരമദ്ധ്യത്തിലെ സ്‌കൈവാക്ക് നിർമ്മിതിയുടെ ചിത്രം പങ്കുവച്ചാണ് സജീഷ് യുഡിഎഫ് സമരത്തെ പരിഹസിക്കുന്നത്. പണി തീരാത്ത സ്‌കൈവാക്ക് കോട്ടയം നഗരത്തിലെത്തുമ്പോൾ അത്ഭുതത്തോടെ കാണുന്ന നിർമ്മിതിയാണെന്നും ഇതിന്റെ കുറ്റി പറിച്ചിട്ട് പോരേയെന്നും സജീഷ് പോസ്‌റ്റിൽ ചോദിക്കുന്നു.
കോട്ടയം നഗരത്തിൽ റോഡിലെ തിരക്ക് ഒഴിവാക്കി കാൽനടയാത്രക്കാർക്ക് പോകാനാണ് ആകാശപാത പദ്ധതി തുടങ്ങിയത്. 2016ൽ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എം.എൽ.എ മന്ത്രിയായിരുന്ന കാലത്തായിരുന്നു അത്. ഉരുക്ക് തൂണുകളും കമ്പികളും ചേർത്ത് രൂപം സ്ഥാപിച്ചെങ്കിലും പിന്നീട് നിർമ്മാണം നടന്നതേയില്ല.
അതേസമയം കെ റെയിൽ പദ്ധതിയിൽ നിലപാട് വ്യക്തമാക്കുന്ന ലഘുലേഖ യുഡിഎഫ് പുറത്തിറക്കി. പദ്ധതിയുടെ ദോഷങ്ങളെക്കുറിച്ച് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാണ് ലഘുലേഖ. പദ്ധതിയെ എതിർക്കുന്ന ജനകീയ സമിതികളെ ചേർത്ത് 100 ജനകീയ സദസുകൾ സംഘടിപ്പിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫ് തീരുമാനം.