aman-dahiya

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് ടൂ‌ർണമെന്റിൽ സെർബിയൻ താരം നൊവാക്ക് ജോക്കോവിച്ചിന് വാക്സിനേഷൻ എടുക്കുന്നതിൽ നൽകിയ ഇളവ് ഇന്ത്യൻ യുവതാരത്തോട് കാണിക്കാത്തതിൽ പ്രതിഷേധം ഉയരുന്നു. 17കാരനായ അമൻ ദാഹിയയ്ക്കാണ് ഈ ദുർഗതി.

ഇന്ത്യയിൽ 18 വയസിന് താഴെയുള്ളവർക്ക് വാക്സിനേഷൻ നൽകുന്നത് ഈയടുത്താണ് ആരംഭിച്ചത്. അതിനാൽ തന്നെ അമൻ ദാഹിയയ്ക്ക് വാക്സിൻ എടുക്കാൻ സാധിച്ചിരുന്നില്ല. വിദേശരാജ്യങ്ങളിൽ നിന്ന് വാക്സിൻ എടുക്കാനുള്ള ശ്രമം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മുടങ്ങുകയും ചെയ്തു.

ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കണമെങ്കിൽ രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുക്കണമെന്നാണ് നിയമം. എന്നാൽ കഴിഞ്ഞ ദിവസം ജോക്കോവിച്ചിന് ഈ നിയമത്തിൽ ഇളവ് നൽകിയിരുന്നു. അമന് വാക്സിൻ എടുക്കാൻ സാധിക്കാത്തത് ഇന്ത്യയിൽ 18 വയസിന് താഴെയുള്ളവർക്കുള്ള വാക്സിൻ ലഭ്യമല്ലാതിരുന്നതിനാലാണെന്നും എന്നാൽ ജോക്കോവിച്ച് അങ്ങനെയല്ലെന്നും ജിഗ്നേഷ് റാവൽ പറഞ്ഞു. കഴിഞ്ഞ പൂനെ ഓപ്പണിൽ പരിക്ക് പോലും വകവയ്ക്കാതെ അമൻ കളിച്ചത് ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കുക എന്ന ഒറ്റ ലക്ഷ്യത്തിന് വേണ്ടിയാണെന്നും യുവതാരത്തിന്റെ നാലുവർഷത്തെ കഠിനപ്രയത്നമാണ് തന്റേതല്ലാത്ത കാരണം കൊണ്ട് നഷ്ടമാകുന്നതെന്നും റാവൽ പറഞ്ഞു.

ജോക്കോവിച്ചിന് ടൂ‌ർണമെന്റിനിടയിൽ പ്രത്യേക പരിഗണന ലഭിക്കുന്നതിൽ തനിക്ക് പരാതിയില്ലെന്നും എന്നാൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിലുള്ള മാനദണ്ഡങ്ങൾ എല്ലാവർക്കും ഒന്നായിരിക്കണമെന്നും റാവൽ സൂചിപ്പിച്ചു. ഇന്ത്യയിൽ കൗമാരക്കാർക്കുള്ള വാക്സിനേഷൻ ലഭ്യമല്ലെന്ന് കാണിച്ച് താൻ ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർക്ക് കത്ത് അയച്ചിരുന്നുവെന്നും ആദ്യം സമ്മതിച്ച അവർ അതിന് ശേഷം നിലപാട് മാറ്റിയെന്നും റാവൽ ആരോപിച്ചു.