cm

ന്യൂഡല്‍ഹി∙ പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലൈഓവരിൽ 20 മിനിട്ട് കുടുങ്ങിയ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി. ഫിറോസ്പുരിലെ റാലി റദ്ദാക്കേണ്ടി വന്നതിൽ ഖേദം ഉണ്ടെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ ചരൺജിത് സിംഗ് ഛന്നി പറഞ്ഞു. ‘ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഞ്ചാബ് സര്‍ക്കാരിനോടു റിപ്പോര്‍ട്ട് തേടിയിരുന്നു. . പ്രാഥമിക നടപടിയുടെ ഭാഗമായി ഫിറോസ്‌പൂർ എസ്.എസ്.പിയെ സസ്പെന്‍ഡ് ചെയ്തു.

ഹുസൈനിവാലയിലെ ദേശീയസ്മാരകം സന്ദര്‍ശിക്കാനാണു പ്രധാനമന്ത്രി ഭട്ടിന്‍ഡയിലെത്തിയത്. ഹെലികോപ്റ്ററില്‍ സ്ഥലത്തേക്കു പോകാനായിരുന്നു പരിപാടി. എന്നാല്‍ മഴയെ തുടര്‍ന്ന് 20 മിനിട്ടോളം കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാതിരുന്നതോടെ റോഡ് മാര്‍ഗം പോകാന്‍ തീരുമാനിക്കുകയായിരുന്നു. പഞ്ചാബ് ഡി.ജി.പി ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ സജ്ജമാക്കിയെന്ന് അറിയിച്ചതിനു ശേഷമാണു യാത്ര തിരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു തുടര്‍ന്ന് റോഡ് മാര്‍ഗം പ്രധാനമന്ത്രി യാത്ര തിരിക്കുകയും ദേശീയ രക്തസാക്ഷി സ്മാരത്തിന് 30 കിലോമീറ്റര്‍ അകലെ പ്രതിഷേധക്കാര്‍ വാഹനവ്യൂഹം തടയുകയും ചെയ്തു. 20 മിനിറ്റോളം പ്രധാനമന്ത്രി റോഡില്‍ കുടുങ്ങി. തുടര്‍ന്ന് ഫിറോസ്‌പുരിലെ റാലി അടക്കം ഉപേക്ഷിച്ച് ഭട്ടിന്‍ഡയിലേയ്ക്ക് മടങ്ങി.

പ്രധാനമന്ത്രി സഞ്ചരിച്ച റൂട്ടിൽ പ്രതിഷേധക്കാര്‍ ഇടിച്ചുകയറിയത് തടയാൻ ആവശ്യമായ പൊലീസ് ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു. വഴിയിൽ തടസമുണ്ടെന്ന വിവരം നൽകി പ്രധാനമന്ത്രിയുടെ റൂട്ട് മാറ്റാനുള്ള പ്രോട്ടോക്കോളും പാലിച്ചില്ല. സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രിയെ വിളിക്കാൻ ഉന്നത ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും ലൈനിൽ വന്നില്ല എന്നും കേന്ദ്രം ആരോപിച്ചു.