fgghgh

കാഠ്മണ്ഡു: ഇന്ത്യയുമായി അതിർത്തി തർക്കം നിലനിൽക്കുന്ന കലാപാനി, ലിപുലേഖ്, ലിമ്പിയാധുരാ തുടങ്ങിയ മേഖലകൾ സംരക്ഷിക്കുന്നതിനായി ഇന്ത്യയുമായി പോരാടാൻ തയ്യാറാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് നേപ്പാൾ (മാവോയിസ്റ്റ്)​. ഈ വിഷയത്തിൽ പുതിയ ഭേദഗതി കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കുന്ന രാഷ്ട്രീയ രേഖ കഴിഞ്ഞയാഴ്ച പുറത്തിറക്കിയിരുന്നു. 236 കേന്ദ്ര കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്ത്,​ മാവോയിസ്റ്റ് സെന്ററിന്റെ ഒരാഴ്ച നീണ്ടുനിന്ന 8ാമത് ജനറൽ കൺവെൻഷന് സമാപനമായി. സമ്മേളനത്തിൽ പാർട്ടി ചെയർമാൻ പുഷ്പ കമൽ ദഹൽ പ്രചണ്ഡ അവതരിപ്പിച്ച രാഷ്ട്രീയ രേഖ അംഗങ്ങൾ അംഗീകരിച്ചു. തിങ്കളാഴ്ച നടന്ന 8 അംഗ പ്രതിനിധികളുടെ യോഗത്തിൽ 21 ാം നൂറ്റാണ്ടിലെ സോഷ്യലിസത്തിലേക്കുള്ള പാത എന്ന രാഷ്ട്രീയ റിപ്പോർട്ടും പ്രചണ്ഡ അവതരിപ്പിച്ചു. ബുധനാഴ്ച നടന്ന യോഗത്തിൽ ജനങ്ങളിൽ ദേശീയത വള‌ർത്താൻ തർക്ക പ്രദേശങ്ങൾ ഉൾപ്പെടുത്തി പാർലമെന്റ് അംഗീകരിച്ച പുതിയ ഭൂപടം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന നിർദ്ദേശം കൂടി ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതായാണ് വിവരം.

അതേ സമയം അധികാരത്തിൽ തിരിച്ചെത്തിയാൽ കലാപാനി, ലിപുലേഖ്, ലിമ്പിയാധുരാ തുടങ്ങിയ മേഖലകൾ ഇന്ത്യയിൽ നിന്ന് തിരിച്ച് പിടിക്കുന്നതിന് നിരന്തരമായ ചർച്ചകൾ നടത്തുമെന്ന് നേപ്പാൾ മുൻ പ്രധാനമന്ത്രി കെ.പി ശർമ്മ ഒലിയും നേരത്തെ പ്രഖ്യാപിച്ചിരുന്നു. 2020 മെയിൽ ലിപുലേഖ് ചുരത്തെ ഉത്തരാഖണ്ഡിലെ ധാർചുലയുമായി ബന്ധിപ്പിക്കുന്ന 80 കിലോമീറ്റർ നീളമുള്ള റോഡ് ഇന്ത്യ തുറന്നതിനെതോടെയാമ് ഇന്ത്യ- നേപ്പാൾ അതിർത്തി പ്രശ്നം കൂടുതൽ വഷളായത്. ​തങ്ങളുടെ പ്രദേശത്തുകൂടിയാണ് പാത കടന്നുപോകുന്നതെന്ന് അവകാശപ്പെട്ട നേപ്പാൾ ദിവസങ്ങൾക്കകം ഇതിന് മറുപടിയെന്നോണം ലിപുലേഖ്, കാലാപാനി, ലിമ്പിയാധുര എന്നിവ തങ്ങളുടെ പ്രദേശങ്ങളായി കാണിക്കുന്ന പുതിയ ഭൂപടം പുറത്തിറക്കി. ഇതിനെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു.