kk

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചട്ടവിരുദ്ധമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ നല്‍കിയ ഇടക്കാല ഉത്തരവിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം. സര്‍വകലാശാല ചട്ടങ്ങള്‍ പ്രകാരം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സലര്‍ക്കാണെന്ന ഗവര്‍ണറുടെ സത്യവാങ്‌മൂലം അംഗീകരിച്ചാണ് ഹൈക്കോടതി നിരീക്ഷണം.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ച് രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഇറക്കിയ ഉത്തരവ് പ്രഥമദൃഷ്ടാ 96 ലെയും 98 ലെയും സര്‍വകലാശാല ചട്ടങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായും ഗവര്‍ണര്‍ സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങള്‍ക്ക് രജിസ്ട്രാര്‍ മുഖേന പ്രത്യേക ദൂതന്‍ വഴി നോട്ടിസ് അയയ്ക്കാനും കോടതി ഉത്തരവിട്ടു. ജനുവരി 17 ന് കേസ് വീണ്ടും പരിഗണിക്കും.

ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്ത് സെനറ്റ് അംഗം വി വിജയകുമാറും അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസുമാണ് ഹൈക്കോടതിയെ സമീപിച്ചത്.