mominul-haque

വെല്ലിംഗ്ടൺ: ന്യൂസിലാൻഡ് പര്യടനം തുടങ്ങുന്നതിന് മുമ്പായി തങ്ങൾ ഒരു മത്സരം ജയിക്കുന്നതായി സ്വപ്നം കാണാൻപോലും പേടിയായിരുന്നെന്ന് ബംഗ്ളാദേശ് ക്യാപ്ടൻ മൊമിനുൾ ഹക്ക്. ടൂ‌ർണമെന്റിന് മുമ്പുള്ള പത്രസമ്മേളനങ്ങളിൽ തങ്ങൾ മത്സരം ജയിക്കാൻ ശ്രമിക്കുമെന്ന് പോലും പറയാതിരിക്കാൻ താൻ ശ്രദ്ധിച്ചിരുന്നെന്നും അങ്ങനെ എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ ആളുകൾ തന്നെ ഭ്രാന്തനെന്ന് മുദ്രകുത്തുമായിരുന്നെന്നും മൊമിനുൾ ഹക്ക് പറഞ്ഞു.

ന്യൂസിലാൻഡിനെതിരെ ചരിത്രവിജയം നേടിയശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മൊമിനുൾ. നീണ്ട 21 വർഷത്തിനിടയ്ക്ക് ആദ്യമായാണ് ഒരു ബംഗ്ളാദേശ് ടീം ന്യൂസിലാൻഡിൽ ടെസ്റ്റ് മത്സരം വിജയിക്കുന്നത്.

മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോൾ തന്നെ ബംഗ്ളാദേശ് വിജയം ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാൽ അന്നും തനിക്ക് ഉറങ്ങാൻ സാധിച്ചിരുന്നില്ലെന്നും മൊമിനുൾ പറഞ്ഞു. നാലാം ദിവസത്തെ മത്സരത്തിന് ശേഷം ഹോട്ടലിൽ തിരിച്ചെത്തിയിട്ട് പോലും ടീമംഗങ്ങൾ ആരും തന്നെ മത്സരം വിജയിക്കുന്നതിനെ കുറിച്ച് സംസാരിച്ചിരുന്നില്ലെന്നും മൊമിനുൾ വ്യക്തമാക്കി. എല്ലാവരും പിറ്റേദിവസം മികച്ച പ്രകടനം പുറത്തെടുക്കുന്നതിനെ കുറിച്ചാണ് സംസാരിച്ചതെന്നും തന്നെപോലെ മറ്റുള്ളവർക്കും ജയത്തെകുറിച്ച് സംസാരിക്കാൻ പേടിയായിരുന്നെന്നും മൊമിനുൾ സൂചിപ്പിച്ചു.

അതേസമയം ഇന്നത്തെ വിജയം ബംഗ്ളാദേശ് പൂ‌ർണമായും അർഹിച്ചിരുന്നെന്ന് ന്യൂസിലാൻഡ് ക്യാപ്ടൻ ടോം ലാഥം പറഞ്ഞു. ബംഗ്ളാദേശ് താരങ്ങൾ അത്രയേറെ നിശ്ചയദാർഢ്യവും ഉത്സാഹവും കാണിച്ചെന്നും മികച്ച വിജയം തന്നെയാണ് ബംഗ്ളാദേശ് സ്വന്തമാക്കിയതെന്നും ലാഥം പറഞ്ഞു.