
മാറിവരുന്ന ഭക്ഷണരീതികളാണ് കാൻസർ പോലുള്ള അസുഖങ്ങൾക്ക് കാരണമാകുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇവയ്‌ക്കൊപ്പം തന്നെ നാം വീട്ടിൽ ഉപയോഗിക്കുന്ന ചില ഉത്‌പന്നങ്ങളും കാൻസറിന് ഇടയാക്കും എന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
വീട്ടിലും ഓഫീസിലും സുഗന്ധത്തിനായി ഉപയോഗിക്കുന്ന ഒന്നാണ് റൂം ഫ്രഷ്‌നറുകൾ. എന്നാൽ ഇവയിൽ കാൻസറിന് കാരണമാകുന്ന ഫോർമാൽഡിഹൈഡ്, നാഫ്‌തലീൻ എന്നിവ അടങ്ങിയിട്ടുണ്ട്, കാറിലും ഇവ ഉപയോഗിച്ചുവരുന്നുണ്ട്. പ്രകൃതിജന്യമായ ഹാനികരമല്ലാത്ത റൂം ഫ്രഷ്‌നറുകൾ ഉപയോഗിക്കുന്നത് വഴി രോഗത്തെ അകറ്റിനിറുത്താം.
അടുക്കളയിൽ പാചകം എളുപ്പമാക്കുന്നതിന് സഹായിക്കുന്നവയാണ് മൈക്രോവേവ് ഓവനുകൾ. എന്നാൽ ഇവയിൽ നിന്നുള്ള വികിരണങ്ങൾ ആരോഗ്യത്തിന് ദോഷകരമാണ്. കൂടാതെ ഓവനിൽ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം വച്ച് ചൂടാക്കുന്നതും ഒഴിവാക്കണം. മൈക്രോവേവ് പാത്രങ്ങൾ മാത്രം ഉപയോഗിക്കുന്നത് വഴി കാൻസർ സാദ്ധ്യത കുറയ്ക്കാം.
സുഗന്ധം പരത്തുന്ന വർണ മെഴുകുതിരികൾ വീടുകളിൽ ഉപയോഗിക്കുന്നതും ഇന്ന് സാധാരണമാണ്. ഇവയിൽ ഉപയോഗിക്കുന്ന പല രാസപദാർത്ഥങ്ങളും കാൻസറിന് ഇടയാക്കുന്നവയാണ്. പ്രകൃതി ദത്തമാർഗങ്ങൾ ഉപയോഗിച്ച് നിർമ്മിക്കുന്ന മെഴുകുതിരികൾ ഉപയോഗിക്കുന്നതാണ് നല്ലത്. മെഴുകുതിരി കെടുത്തുമ്പോൾ ഉണ്ടാകുന്ന പുകയും അപകടകാരിയാണ്.
കീടനാശിനികൾ ഉപയോഗിക്കുമ്പോഴും ശ്രദ്ധ വേണം. ലിൻഡേൻ അടങ്ങിയിരിക്കുന്ന കീടനാശിനികൾ കാൻസർ സാദ്ധ്യത വർദ്ധിപ്പിക്കും. വസ്ത്രങ്ങൾ ഡ്രൈ ക്ലീനിംഗിന് കൊടുക്കുമ്പോഴും ശ്രദ്ധിക്കണം. ഡ്രൈക്ലീനിംഗിന് ചിലർ പെട്രോക്ലോറോ എഥിലീൻ ഉപയോഗിക്കാറുണ്ട്. ഇവ ത്വക്കിലെ കാൻസറിന് കാരണമാകാറുണ്ട്. ലിക്വിഡ് കാർബൺ ഡൈ ഓക്‌സൈഡ്, സിട്രസ് ജ്യൂസ് ക്ലീനറുകൾ എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്. കാർപ്പറ്റ് ക്ലീനറുകളിലും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇതിന് പകരം ബേക്കിംഗ് സോഡ, ക്ലബ് സോഡ, വൈറ്റ് വിനാഗിരി എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്.