
ഇടുക്കി: പട്ടികജാതിക്കാരനായ യുവാവിന് ക്രൂര മർദ്ദനം. പരാതി നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാൻ പൊലീസ് കൂട്ടാക്കുന്നില്ലെന്ന് ആക്ഷേപമുയർന്നു. ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ചാരപറമ്പിൽ അരുൺകുമാറിനാണ് മർദ്ദനമേറ്റത്. അരുൺകുമാറിന്റെ തന്നെ അയൽക്കാരായ നാലു പേർ ചേർന്നാണ് മർദ്ദിച്ചത്. പണികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്നതിനിടെ സുഹൃത്തുക്കളോട് നാലംഗസംഘം കയർക്കുന്നത് കണ്ട് സംഭവം തിരക്കിയപ്പോൾ മർദ്ദിക്കുകയായിരുന്നെന്നാണ് പരാതി.
മർദ്ദനത്തിൽ സാരമായി പരിക്കേറ്റ അരുൺകുമാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആരോപണമുയർന്നിട്ടുണ്ട്. നെടുങ്കണ്ടം പൊലീസിനും കട്ടപ്പന ഡി വൈ എസ് പിക്കും പരാതി നൽകിയെങ്കിലും മർദ്ദിച്ചവരുടെ കൂട്ടത്തിലുള്ള സർക്കാർ ജീവനക്കാരുടെ സ്വാധീനം വഴി കേസ് മുക്കാൻ പൊലീസ് ശ്രമിക്കുകയാണെന്ന് അരുൺകുമാർ ആരോപിച്ചു. എന്നാൽ ഇയാൾ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.