
കുളമാവ്: ഗുരുതിക്കളത്ത് വീട് കുത്തിതുറന്ന് വൻ മോഷണം നടത്തിയ പ്രതിയെ പിടികൂടി. പെരുമ്പള്ളിച്ചിറ കറുക സ്കൂളിന് സമീപം പുതിയകുന്നേൽ വീട്ടിൽ സ്റ്റെപ്പപ്പ് സുധീർ എന്നു വിളിക്കുന്ന സുധീറാണ് (38) പൊലീസ് പിടിയിലായത്. മറ്റ് രണ്ട് പ്രതികളെ കൂടെ കിട്ടാനുണ്ട്. ഗുരുതിക്കളത്ത് പുളിക്കൽ പീലിപ്പോസിന്റെ വീട്ടിലാണ് പ്രതി മോഷണം നടത്തിയത്. ഫീലിപ്പോസ് മൂന്ന് വർഷം മുമ്പ് മരിച്ചിരുന്നു. ഡിസംബർ 15ന് ഉച്ചക്ക് വീട് കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. പീലിപ്പോസിന്റെ മരണശേഷം വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പറമ്പ് തെളിക്കാനെത്തിയ ജോലിക്കാരാണ് മോഷണം നടന്ന വിവരം ആദ്യം അറിയുന്നത്. തുടർന്ന് വീട്ടുകാരെ വിളിച്ചുവരുത്തി വീട് തുറന്ന് പരിശോധിക്കുകയായിരുന്നു. കുളമാവ് പൊലീസെത്തി വിശദമായി പരിശോധന നടത്തി. വീട് കുത്തിതുറന്ന് അകത്ത് കയറിയ കള്ളന്മാർ അലമാരിയും ബെഡുകളും മറിച്ചിട്ടു ബഡിന്റെ അടിയിൽ ഇരുന്ന താക്കോൽ ഉപയോഗിച്ചാണ് മോഷണം നടത്തിയത്. കപ്പ വാട്ടാൻ ഉപയോഗിക്കുന്ന രണ്ട് വലിയ ചെമ്പുകൾ,പത്ത് ലീറ്ററിന്റെയും അഞ്ച് ലിറ്ററിന്റെയും കുക്കറുകൾ, പഴയതും പുതിയതുമായ അലൂമിനിയ പാത്രങ്ങൾ, കുട്ടികൾക്ക് കിട്ടയ ട്രോഫികൾ, നിലവിളക്കുകൾ, പശൂവിനെ കറക്കുന്ന മിഷ്യൻ, ഉപയോഗിക്കാതെ വച്ചിരുന്ന മറ്റ് പാത്രങ്ങൾ, പൈപ്പിന്റെ ടാപ്പുകൾ തുടങ്ങിയ സാധനങ്ങളാണ് മോഷ്ടിച്ച് കൊണ്ടുപോയത്. വണ്ടിയുമായി നടന്ന് ആക്രിസാധനങ്ങൾ പെറുകുന്ന മൂന്നംഗ സംഘം ഇവിടെയെത്തി വീടിന് മുമ്പിൽ വണ്ടി ഇട്ട് മദ്യപിച്ചു. ഇതിന് ശേഷം വീട് കുത്തി പൊളിച്ച് മോഷണം നടത്തുകയായിരുന്നു. സാധനങ്ങൾ മോഷ്ടിച്ച് കാറിൽ കൊണ്ടു പോകുമ്പോൾ അശോക കവലയിൽ വച്ച് കാർ കേടായി. തുടർന്ന് അവിടെ നിന്ന് ഓട്ടോറിക്ഷയ്ക്ക് സാധനങ്ങൾ കയറ്റി തൊടുപുഴയിലും പിന്നീട് മൂവാറ്റുപുഴയിലും എത്തിച്ചു. ഇവർ ഓട്ടോറിക്ഷയ്ക്ക് സാധനങ്ങൾ കൊണ്ടു പോകുമ്പോൾ തൊടുപുഴ ഡിവൈ.എസ്.പിയുടെ സ്വകാഡിലുള്ള എ.എസ്.ഐ ഷംസ് ഇത് കണ്ട് കുളമാവ് പൊലീസിനെ അറിയിച്ചു. കുളമാവ് സർക്കിൾ ഇൻസ്പക്ടർ സുനിൽ തോമസ് എസ്.ഐ.സലിം എ.എസ്.ഐ അജിത്ത്, എ.എസ്.ഐ ബിജു, എ.എസ്.ഐ ഷംസ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ഇടുക്കി കോടയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇയാൾ മറ്റ് നിരവധി കേസുകളിൽ പ്രതിയാണ്. മോഷണമുതൽ വിറ്റ ശേഷം കാർ മറ്റൊരാൾക്ക് വിറ്റിരുന്നു. ഈ കാറും കസ്റ്റഡിൽ എടുത്തു. കാറും തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കി.