
കോഴിക്കോട്: ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ കണ്ടെത്തി. ബേപ്പൂർ സ്വദേശി മോഹൻദാസാണ് ബിന്ദുവിനെ ആക്രമിച്ചത്. മത്സ്യത്തൊഴിലാളിയായ മോഹൻദാസ് മദ്യലഹരിയിലാണ് പരാതിക്കാരിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ബിന്ദു അമ്മിണിയുടെ വിശദമായ മൊഴിയെടുക്കുമെന്നും, അതിനുശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുകയെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഘർഷത്തിൽ മോഹൻദാസിനും പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇന്നലെ വൈകിട്ടായിരുന്നു ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്നും, പൊലീസും അക്രമിയും ഒത്തുകളിക്കുകയാണെന്നും പരാതിക്കാരി ആരോപിച്ചിരുന്നു. മർദ്ദനത്തിന്റെ ദൃശ്യങ്ങളും ബിന്ദു ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.