nk-premachandran-mp

കൊല്ലം: മുൻ മന്ത്രി ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ എം പി എൻ കെ പ്രേമചന്ദ്രൻ ഉൾപ്പെടെ നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു. ആർ എസ് ഉണ്ണിയുടെ ചെറുമകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ശക്തികുളങ്ങര പൊലീസ് കേസെടുത്തത്.

ആർ എസ് ഉണ്ണിയുടെ പേരിലുള്ള സ്വത്തുക്കൾ എൻ കെ പ്രേമചന്ദ്രൻ പ്രസിഡന്റായ ആർ എസ് ഉണ്ണി ഫൗണ്ടേഷൻ തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ആർ എസി പി നേതാവ് കെ പി ഉണ്ണികൃഷ്ണനാണ് ഒന്നാം പ്രതി. എൻ കെ പ്രേമചന്ദ്രൻ രണ്ടാംപ്രതിയാണ്. ആർ എസ് പി പ്രാദേശിക നേതാക്കളാണ് മറ്റ് രണ്ട് പ്രതികൾ.

ശക്തികുളങ്ങര ക്ഷേത്രത്തിന് സമീപമുള്ള കുടുംബവീടും പതിനൊന്ന് സെന്റ് സ്ഥലവും തട്ടിയെടുക്കാൻ ശ്രമിച്ചെന്നായിരുന്നു ചെറുമകളുടെ ആരോപണം. കൃത്യമായ രേഖകൾ കാണിച്ചിട്ടും കെ പി ഉണ്ണികൃഷ്ണൻ സംഘടനയുടെ ആസ്ഥാനം അവിടെനിന്ന് മാറ്റാൻ തയ്യാറായില്ലെന്നും വീട്ടിലേയ്ക്ക് കയറ്റിയില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ കുട്ടികളുടെ പേരിലുള്ള സ്വത്തുക്കൾ തന്നെയാണിതെന്നും അവർക്കെതിരെ ഒരു കാരണവശാലും നിൽക്കില്ലെന്നും എൻ കെ പ്രേമചന്ദ്രൻ നേരത്തേ പ്രതികരിച്ചിരുന്നു.