kim

പ്യോംഗ് യാംഗ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നിനെതിരെ അസഭ്യഭാഷയിൽ ചുമരെഴുത്ത്. ഇതേ തുടർന്ന് ചുമരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാൻ കൈയക്ഷര പരിശോധന നടത്തുകയാണ് ഭരണാധികാരികൾ.

ഉത്തരകൊറിയൻ തലസ്ഥാനം ഉൾപ്പെടുന്ന പ്യോംഗ് യാംഗിലെ ഒരു കെട്ടിടസമുച്ചയത്തിന്റെ ചുമരിലാണ് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിൽ എഴുത്ത് പ്രത്യക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബർ 22ന് നടന്ന സെൻട്രൽ കമ്മിറ്റി പ്ലീനറി സമ്മേളനത്തിനിടയിലായിരുന്നു ഈ സംഭവം നടന്നത്.

കിം കാരണം ജനങ്ങൾ പട്ടിണി കിടന്ന് മരിക്കുമെന്നും ചുമരിൽ എഴുതിയിട്ടുണ്ട്. സംഭവം അധികാരികളുടെ ശ്രദ്ധയിൽ പെട്ടതോടെ ഉടൻ തന്നെ മായിച്ചു കളയുകായിരുന്നു. എന്നാൽ, അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള തീവ്രശ്രമമാണ് ഇപ്പോൾ നടക്കുന്നത്. കൈയക്ഷരം നോക്കി ആളിനെ കണ്ടെത്താനാണ് തീരുമാനം.

അതിന്റെ ഭാഗമായി പ്രദേശത്തെ ഫാക്ടറി ജീവനക്കാരുടെയും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെയും വിദ്യാർത്ഥികളുടെയും ഉൾപ്പെടെ ആയിരക്കണക്കിനു പേരുടെ കൈയക്ഷരം പരിശോധിക്കും. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

അടുത്തിടെയുണ്ടായ വെള്ളപ്പൊക്കവും കൊവിഡിനെ തുടർന്ന് അതിർത്തി അടച്ചതുമെല്ലാം രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ കാര്യമായി ബാധിച്ചിരുന്നു. ആ സമയത്താണ് ഈ പ്രതിഷേധമുണ്ടായതെന്നതും ശ്രദ്ധേയമാണ്. ഉത്തരകൊറിയയിലെ നിയമം അനുസരിച്ച് ഭരണാധികാരിക്കെതിരെയോ ഭരണത്തിനെതിരെയോ ചുമരെഴുത്ത് നടത്തുന്നത് വലിയ കുറ്റമാണ്.