
കോഴിക്കോട്: കേരളത്തിൽ ഇപ്പോഴുള്ളത് അരക്ഷിതാവസ്ഥയാണെന്നും ഇവിടെ നിന്നും താമസം മാറുകയാണെന്ന് സാമൂഹിക പ്രവർത്തക ബിന്ദു അമ്മിണി. സ്ത്രീയും ദളിതുമായതുകൊണ്ട് നിരന്തരമായി ആക്രമിക്കപ്പെടുകയാണ്. ഇതിന്റെ പിന്നിൽ സംഘപരിവാറാണെന്നും അവർ ആരോപിച്ചു.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പ്രതിക്കെതിരെ പൊലീസ് ദുർബലമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. താൻ ദലിത് സ്ത്രീയായതുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായി പൊലീസ് സംരക്ഷണം പിൻവലിച്ചത്. വിശ്വാസികളുടെ പിന്തുണ കാത്തിരിക്കുന്ന മുഖ്യമന്ത്രിയ്‌ക്ക് ഇനി പരാതി നൽകാനില്ലെന്നും ബിന്ദുഅമ്മിണി പറഞ്ഞു.
കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ചിൽ വച്ചാണ് മദ്യലഹരിയിലുണ്ടായിരുന്ന ഒരാൾ ബിന്ദുവിനെ ആക്രമിച്ചത്. അടുത്തിടെ ഓട്ടോറിക്ഷ ഇടിച്ച് ചിലർ കൊല്ലാൻ ശ്രമിച്ചതായും അവർ പൊലീസിൽ പരാതി നൽകിയിരുന്നു. മൂക്കിനും തലയ്‌ക്കും ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വധശ്രമത്തിന് കേസെടുത്തിട്ടും ഓട്ടോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല.
നിരവധി തവണ ബിന്ദു അമ്മിണിക്കെതിരെ സംഘ്പരിവാറിന്റെ ആക്രമണമുണ്ടായിട്ടുണ്ട്. 2019 നവംബർ 26ന് കൊച്ചിയിൽ സംഘ്പരിവാറുകാർ ഇവരുടെ കണ്ണിൽ മുളകുവെള്ളമൊഴിക്കുകയും കുരുമുളക് സ്പ്രേയും അടിച്ചിരുന്നു. മൂന്ന് വർഷം മുമ്പ് ശബരിമലയിൽ ദർശനം നടത്തിയതിന് ശേഷമാണ് ബിന്ദുവിനെതിരെ ക്രൂരമായ അധിക്ഷേപങ്ങളും അക്രമണങ്ങളും ഉയർന്നു തുടങ്ങിയത്.