
ജയ്പ്പൂർ: പങ്കാളിയുടെ വേർപാടിൽ നീറുന്ന പെൺമയിലിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. രാജസ്ഥാനിലെ കുചേരയിലാണ് സംഭവം നടന്നത്. രാമസ്വരൂപ് ബിഷ്ണോയ് എന്നയാളുടെ ഫാമിൽ നാല് വർഷമായി വളർത്തുന്ന മൂന്നു മയിലുകളിൽ ഒന്നാണ് പ്രായാധിക്യത്തെ തുടർന്ന് മരണപ്പെട്ടത്. എട്ട് വയസാണ് ഈ മയിലിന്റെ പ്രായം. കുടുംബാംഗങ്ങളോടെല്ലാം അടുത്തിടപഴകുന്നവരാണ് ഈ മയിലുകൾ എന്നാണ് രാമസ്വരൂപ് ബിഷ്ണോയ് പറയുന്നത്.
ഞായറാഴ്ച രാവിലെയാണ് ആൺ മയിൽ മരണപ്പെട്ടത്. പിറ്റേന്ന് പുലർച്ചെ സംസ്കരിക്കാനായി കൊണ്ടുപോയപ്പോഴാണ് പെൺമയിൽ പിന്തുടർന്നത്. സംസ്കരിക്കുന്ന സ്ഥലം വരെ പെൺമയിൽ പോകുന്നതും ദൃശ്യങ്ങളിൽ കാണാം. ഐ എഫ് എസ് ഉദ്യോഗസ്ഥനായ പർവീൺ കസ്വാനാണ് ഈ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.