marriage

റായ്പൂർ: ദാമ്പത്യ ജീവിതം ആരംഭിക്കാനുള്ള ശുഭമുഹൂർത്തം ആയില്ലെന്ന് പറഞ്ഞ് പത്ത് വർഷം ഭർത്താവിനെ 'വട്ടംകറക്കി' യുവതി. ശുഭകരമായ സമയം സന്തുഷ്ടമായ ദാമ്പത്യ ജീവിതം ഉദ്ദേശിച്ചുള്ളതാണെന്നും, ആ മുഹൂർത്തം ഇതുവരെ വന്നില്ലെന്നുമായിരുന്നു യുവതി പറഞ്ഞുകൊണ്ടിരുന്നത്.

ഒടുവിൽ യുവാവ് വിവാഹ മോചനം തേടി ഛത്തീസ്ഗഢ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയുടെ സമീപനം ഒളിച്ചോട്ടത്തിന് തുല്യമാണെന്നും, ഭർത്താവുമായി അകന്ന് നിൽക്കാൻ ഇവർ ആചാരത്തെ കൂട്ടുപിടിക്കുകയായിരുന്നുവെന്നും ജസ്റ്റിസ് ഗൗതം ഭാദുരി, ജസ്റ്റീസ് രജനി ദുബെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള സന്തോഷ് സിംഗ് എന്നയാളുടെ ഹർജി കുടുംബ കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. 2010 ജൂലായിലായിരുന്നു യുവാവിന്റെ വിവാഹം. അദ്ദേഹവും ഭാര്യയും 11 ദിവസം മാത്രമേ ഒരുമിച്ച് താമസിച്ചിട്ടുള്ളൂ. അതിനുശേഷം കുടുംബാംഗങ്ങൾ വന്ന് അവളെ കൊണ്ടുപോയി.

ഭാര്യയെ തിരികെ കൊണ്ടുവരാൻ രണ്ട് തവണ യുവാവ് ശ്രമിച്ചു. പക്ഷേ 'ശുഭകരമായ സമയമല്ല' എന്ന കാരണം പറഞ്ഞ് യുവതി വരാൻ തയ്യാറായില്ല. ഭർത്താവിനൊപ്പം ചേരാൻ താൻ തയ്യാറാണെന്നും, ആചാരമനുസരിച്ച് ശുഭകരമായ സമയം ആവശ്യമാണെന്നുമാണ് യുവതിയുടെ വാദം. 'ദുവിരാഗമാൻ' എന്ന ചടങ്ങിന്റെ സമയത്ത് ഭർത്താവ് വന്ന് ഭാര്യയെ തിരികെ കൊണ്ടുപോകണമെന്നതായിരുന്നു ഇവരുടെ ആചാരം.