
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദർശനത്തിൽ സുരക്ഷാവീഴ്ചയുണ്ടായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് 'ലായേഴ്സ് വോയിസ്' എന്ന സംഘടന സമർപ്പിച്ച ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും.വിഷയം ഗൗരവമുള്ളതാണെന്ന് ചീഫ് ജസ്റ്റിസ് എൻ വി രമണ വിലയിരുത്തി. പഞ്ചാബ് സർക്കാരിനോട് ഹർജിയുടെ പകർപ്പ് നൽകാനും കോടതി നിർദേശിച്ചു.
അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. പഞ്ചാബ്- ഹരിയാന ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് മെഹ്‌താബ് ഗിൽ, ആഭ്യന്തര, നീതിന്യായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുരാഗ് വർമ എന്നിവരാണ് സമിതിയിലുള്ളത്.
കഴിഞ്ഞ ദിവസം കർഷകരുടെ റോഡ് ഉപരോധത്തെ തുടർന്ന് പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്ളൈ ഓവറിൽ കുടുങ്ങിയിരുന്നു. തുടർന്ന് യാത്രപൂർത്തിയാക്കാതെ പ്രധാനമന്ത്രി തിരിച്ചുപോയി. വൻസുരക്ഷാ വീഴ്ചയിൽ പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയിരുന്നു. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി എടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. പിന്നാലെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന പൊലീസ് സീനിയർ സൂപ്രണ്ട് ഹർമാൻ ഹാൻസിനെ ഡി.ജി.പി സസ്പെൻഡ് ചെയ്തു.
ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകം സന്ദർശിക്കാനും 42,750കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിടാനും ഫിറോസ്‌പൂരിലെ പാർട്ടി റാലിയിൽ പങ്കെടുക്കാനുമാണ് പ്രധാനമന്ത്രി ഇന്നലെ രാവിലെ പഞ്ചാബിൽ എത്തിയത്. സംസ്ഥാനത്തെ വലിയ കർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ നിരവധി കേന്ദ്രങ്ങളിൽ റോഡ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഭട്ടിൻഡ വിമാനത്താവളത്തിൽ എത്തിയ മോദി ഹുസൈനിവാലയിലേക്ക് ഹെലികോപ്റ്ററിൽ പോകാനിരുന്നതാണ് . മഴയും മോശം കാലാവസ്ഥയും കാരണം 20 മിനിട്ട് വിമാനത്താവളത്തിൽ കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാത്തതിനെ
തുടർന്ന് റോഡ് മാർഗ്ഗം തിരിക്കുകയായിരുന്നു. ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റർ ഇപ്പുറമുള്ള ഫ്ലൈ ഓവറിൽ എത്തിയപ്പോഴേക്കും റോഡ് ഉപരോധിച്ചതായി അറിഞ്ഞു. അതോടെ വാഹനവ്യൂഹം ഫ്ലൈ ഓവറിൽ കുടുങ്ങുകയായിരുന്നു. സുരക്ഷാ ഭടൻമാർ ചാടിയിറങ്ങി നിറതോക്കുകളുമായി പ്രധാനമന്ത്രിയുടെ കാറിനെ വലയം ചെയ്തു. തുടർന്ന് ഇരുപത് മിനിറ്റോളം കാത്തുകിടന്നശേഷം പരിപാടികളെല്ലാം റദ്ദാക്കി മോദി ഭട്ടിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.