
തിരുവനന്തപുരം: കെ- റെയിൽ പദ്ധതിക്ക് ഏറ്റെടുക്കുന്ന വസ്‌തുവിന്റെ അടിസ്ഥാനവില നിശ്ചയിക്കുന്നത് ആ പ്രദേശത്ത് അവസാനം നടന്ന ഭൂമിയിടപാടുകൾ അടിസ്ഥാനമാക്കി. ഗ്രാമങ്ങളിൽ നാലിരട്ടി വില പ്രഖ്യാപിച്ചെങ്കിലും ഗ്രാമപ്രദേശങ്ങളിൽ എല്ലായിടത്തും അത് ലഭിക്കില്ല.
ദൂരത്തിനനുസരിച്ചാണ് വില നിശ്ചയിക്കുക. നഗരാതിർത്തിയിൽ നിന്നുള്ള 40 കി മി ദൂരെയുള്ള ഭൂമി ഏറ്റെടുത്താൽ മാത്രമേ നാലിരട്ടി വില ലഭിക്കുകയുള്ളൂ. അത്തരം പ്രദേശങ്ങൾ കേരളത്തിൽ കുറവാണ്. പ്രദേശത്ത് അവസാനം നടന്ന വിൽപ്പനയിൽ ഏറ്റവുമുയർന്ന 50 ശതമാനം ഇടപാടുകളുടെ ശരാശരി കണക്കിലെടുക്കും. അതിന് പദ്ധതിയുടെ പ്രാഥമിക വിജ്ഞാപനം വരുന്നതിന് മുമ്പേയുള്ള മൂന്നു വർഷത്തെ രജിസ്‌ട്രേഷൻ വിവരങ്ങൾ ശേഖരിക്കും.
അഞ്ചു തട്ടുകളായി തിരിച്ചാണ് ഗ്രാമങ്ങളിൽ ഭൂമിയുടെ വില നിർണയിക്കുന്നത്. ഗ്രാമങ്ങളിൽ 1.2 മുതൽ 2 വരെയാണ് വിപണി വില കണക്കാക്കാനുള്ള മൾട്ടിപ്ലിക്കേഷൻ ഫാക്‌ടർ നിശ്ചയിച്ചിരിക്കുന്നത്. നഗരസഭയുടെ അതിർത്തി കഴിഞ്ഞ് 10 കി മീ വരെ 1.2 ആണ് കണക്കാക്കിയിരിക്കുന്ന മൾട്ടിപ്ലിക്കേഷൻ ഫാക്ടർ. 10 മുതൽ 20 കി മി വരെ 1.6, 20 മുതൽ 30 വരെ 1.6, 30 മുതൽ 40 വരെ 1.8, 40 ന് മുകളിലേക്കാണെങ്കിൽ 2 എന്നിങ്ങനെയാണ് മൾട്ടിപ്ലിക്കേഷൻ ഫാക്‌ടർ. ഭൂമിയുടെ ന്യായവിലയെ ഈ മൾട്ടിപ്ലിക്കേഷൻ ഫാക്‌ടർ കൊണ്ട് ഗുണിച്ച ശേഷം വിപണി വില കണക്കാക്കുകയും ഈ തുകയുടെ 100 ശതമാനം സ്ഥലവിലയായി ഉടമയ്‌ക്ക് നൽകാനുമാണ് തീരുമാനം.
നഗരങ്ങളിൽ എല്ലായിടത്തും മൾട്ടിപ്ലിക്കേഷൻ ഫാക്‌ടർ 1 ആണ്. അതായത് ഭൂമിക്ക് വില നൽകുന്നതിന്റെ മാനദണ്ഡം എല്ലാ നഗരങ്ങളിലും ഒന്നായിരിക്കും. കോർപറേഷനെയും മുനിസിപ്പിലാറ്റികളെയും നഗരങ്ങളായിട്ടാണ് കണക്കാക്കുന്നത്. ഇവിടെ ഭൂമിക്ക് വിപണിവിലയുടെ ഇരട്ടി വില ലഭിക്കും.
ഭൂവുടമകളുമായി സംസാരിച്ച് സ്ഥലവിലയിൽ സർക്കാർ സമിതി ധാരണയിലെത്താൻ ഒരു വർഷം സമയം നൽകിയിട്ടുണ്ട്. ഗ്രാമങ്ങളിൽ നഷ്‌ടപരിഹാരം ലഭിക്കുന്നതിൽ നല്ല കുറവുണ്ടാകാനാണ് സാദ്ധ്യത. കേരളത്തിൽ നഗരവും ഗ്രാമങ്ങളും തമ്മിൽ ദൂരക്കൂടുതലില്ലാത്തതിനാൽ കുറഞ്ഞ നഷ്ടപരിഹാരമാകും ലഭിക്കുക എന്നതാണ് പ്രധാനമായും ഉയരുന്ന പരാതി.
അവസാനത്തെ മൂന്ന് വർഷത്തെ വില കണക്കാക്കിയാലും ഇപ്പോഴത്തെ വില നിലവാരത്തിലേക്ക് എത്തില്ലെന്നും ഭൂവുടമകൾക്ക് ആശങ്കയുണ്ട്. ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പും ഭൂമിയിലെ മരങ്ങൾക്ക് വനംവകുപ്പുമാണ് വില നിശ്ചയിക്കുക.