
കൊവിഡ് ലോകം മുഴുവൻ പിടിച്ചുകുലുക്കി രണ്ട് വർഷം പിന്നിടുമ്പോഴും രോഗവ്യാപനം മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ഒന്നിന് പുറകേ മറ്റൊന്നായി കൊവിഡിന്റെ പുതിയ വകഭേദങ്ങളും എത്തി. ഡെൽറ്റയ്ക്ക് പിന്നാലെ ആശങ്ക പടർത്തി ഒമിക്രോൺ ആണിപ്പോൾ മുന്നിലുള്ളത്. തീവ്രത കുറഞ്ഞ ഈ വകഭേദത്തിന് വ്യാപനശേഷി വളരെ കൂടുതലാണ്. ഇതിന് പിന്നാലെ ഫ്ളൂറോണ എന്ന പുതിയ രോഗവും വരവറിയിച്ചു. എന്നാൽ കൊവിഡ് സംബന്ധിച്ച പഠനങ്ങളുടെ കണ്ടെത്തുകൾ അടുത്തിടെ പുറത്തുവന്നതാണ് ഇപ്പോൾ ഏറെ ഭീതി പരത്തുന്നത്.
ഗർഭാവസ്ഥയിലെ കൊറോണ അണുബാധ ശിശുക്കളുടെ തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെങ്കിലും പകർച്ചാവ്യാധികൾ കുഞ്ഞുങ്ങളുടെ ബുദ്ധിവളർച്ചയെ സ്വാധീനിക്കാനിടയുണ്ടെന്ന് അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ പ്രസിദ്ധീകരണമായ ജമാ പീഡിയാട്രിക്സ് വെളിപ്പെടുത്തുന്നു. പകർച്ചാവ്യാധി കാലത്ത് ജനിച്ച 225 കുഞ്ഞുങ്ങളിലാണ് ന്യൂയോർക്ക് സിറ്റിയിലെ ഗവേഷകർ പഠനം നടത്തിയത്. ഇവരിൽ 114 കുഞ്ഞുങ്ങളുടെ അമ്മമാർ ഗർഭകാലത്ത് കൊവിഡ് ബാധിതരായിരുന്നു. കുഞ്ഞുങ്ങൾ ജനിച്ച് ആറ് മാസം പിന്നിട്ടപ്പോൾ അമ്മയുടെ കോവിഡ് ബാധ ഏതെങ്കിലും രീതിയിൽ തലച്ചോറിന്റെ വളർച്ചയെ ബാധിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് മുൻപ് ജനിച്ച 62 കുട്ടികളുമായി താരതമ്യം ചെയ്യുമ്പോൾ പകർച്ചാവ്യാധിക്കാലത്ത് ജനിച്ച കുട്ടികളുടെ ശാരീരിക പ്രവർത്തനങ്ങളിൽ വ്യത്യാസം കണ്ടെത്തിയിരുന്നു.
കൊവിഡ് അണുബാധ കിഡ്‌നിയെ നേരിട്ട് ബാധിക്കുമെന്നും ഇത് കിഡ്നിയിൽ പാടുകൾ ഉണ്ടാകുന്നതിന് കാരണമാകുമെന്നും സെൽ പ്രസ് പ്രസിദ്ധീകരിച്ച സെൽ സ്റ്റെ സെൽ റിപ്പോർട്ടിൽ പറയുന്നു. വൃക്കകളുടെ പ്രവർത്തനം കുറയുന്നത് വൈറസ് മൂലമുണ്ടാകുന്ന പാടുകൾ മൂലമാകാമെന്ന് കൊവിഡിനെ അതിജീവിച്ച 90,000ത്തിലധികം പേരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.