narendra-modi

ന്യൂഡൽഹി: പഞ്ചാബിലെ ഹൈവേയിൽ പ്രധാനമന്ത്രി നേരിട്ട സുരക്ഷാവീഴ്ചയിൽ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആശങ്ക അറിയിച്ചതിനെത്തുടർന്ന് രാഷ്ട്രപതി ഭവനിലെത്തി നേരിട്ട് സംഭവം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാൽപ്പത് മിനിട്ട് നീണ്ട കൂടിക്കാഴ്ചയിൽ പഞ്ചാബിലെ സംഭവങ്ങൾ വിശദമായി തന്നെ അദ്ദേഹം രാഷ്ട്രപതിയെ അറിയിച്ചു. ഗുരുതരമായ വീഴ്ചയാണുണ്ടായതെന്ന് രാഷ്ട്രപതി പ്രതികരിച്ചിരുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും സംഭവത്തിൽ ആശങ്ക വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം കർഷകരുടെ റോഡ് ഉപരോധത്തെ തുടർന്ന് പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്ളൈ ഓവറിൽ കുടുങ്ങിയിരുന്നു. തുടർന്ന് യാത്രപൂർത്തിയാക്കാതെ പ്രധാനമന്ത്രി തിരിച്ചുപോയി. വൻസുരക്ഷാ വീഴ്ചയിൽ പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയിരുന്നു. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി എടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. പിന്നാലെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന പൊലീസ് സീനിയർ സൂപ്രണ്ട് ഹർമാൻ ഹാൻസിനെ ഡി.ജി.പി സസ്പെൻഡ് ചെയ്തു.

അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ ഉന്നതതല സമിതിയെ നിയോഗിച്ചിരിക്കുകയാണ്. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. പഞ്ചാബ്- ഹരിയാന ഹൈക്കോടതി റിട്ടയേർഡ് ജസ്റ്റിസ് മെഹ്‌താബ് ഗിൽ, ആഭ്യന്തര, നീതിന്യായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനുരാഗ് വർമ എന്നിവരാണ് സമിതിയിലുള്ളത്.

ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകം സന്ദർശിക്കാനും 42,750കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിടാനും ഫിറോസ്‌പൂരിലെ പാർട്ടി റാലിയിൽ പങ്കെടുക്കാനുമാണ് പ്രധാനമന്ത്രി ഇന്നലെ രാവിലെ പഞ്ചാബിൽ എത്തിയത്. സംസ്ഥാനത്തെ വലിയ ക‌ർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ നിരവധി കേന്ദ്രങ്ങളിൽ റോഡ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.

എന്നാൽ സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ലെന്നും മോദിയുടെ റാലിയ്ക്ക് ആളില്ലാതിരുന്നതു കൊണ്ടാണ് പരിപാടി റദ്ദാക്കേണ്ടി വന്നതെന്നുമാണ് കോൺഗ്രസിന്റെയും സംസ്ഥാന സർക്കാരിന്റെയും നിലപാട്.