
കർഷകരുടെ റോഡ് ഉപരോധത്തെ തുടർന്ന് പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്ളൈ ഓവറിൽ കുടുങ്ങിയത് വലിയ വിവാദം സൃഷ്‌ടിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അടക്കമുള്ളവർ ആശങ്ക പ്രകടിപ്പിക്കുകയും ചെയ‌്തു.
ഇപ്പോഴിതാ സംഭവത്തെ കുറിച്ച് വ്യത്യസ്‌തമായ അഭിപ്രായം രേഖപ്പെടുത്തുകയാണ് ബിജെപി നേതാവ് സന്ദീപ് വചസ്‌പതി. വിവരം ചോർത്തിയവരുടെ മാസ്റ്റർ പ്ലാൻ തകർത്ത സർജിക്കൽ സ്‌ട്രൈക്ക് ആയിരുന്നു പ്രധാനമന്ത്രി നടത്തിയതെന്നാണ് സന്ദീപ് അഭിപ്രായപ്പെടുന്നത്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'എതിരാളികൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകുന്നത് മാത്രമല്ല ധീരത. അവർ ഒരുക്കുന്ന കെണിയിൽ വീഴാതിരിക്കുക എന്നതും പ്രധാനമാണ്. പ്രധാനമന്ത്രിയുടെ യാത്രാ വിവരങ്ങൾ ചോർത്തി നൽകിയവരുടെ ഉദ്ദേശ്യം ദുരുദ്ദ്യേശ്യം ആണെന്ന് മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ടതില്ല. പ്രധാനമന്ത്രിയുടെ വഴി തടഞ്ഞ് ജീവൻ അപകടത്തിലാക്കിയാൽ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെപ്പ് നടത്തുകയാണ് പതിവ്. എസ്.പി.ജി മാനദണ്ഡം അനുസരിച്ച് അനുമതി പോലുമില്ലാതെ അത് ചെയ്യാവുന്നതേ ഉള്ളൂ. അങ്ങനെ എന്തെങ്കിലും ഉണ്ടായി ഏതാനും കർഷകർ മരിക്കുക, അതിന്റെ പേരിൽ രാജ്യത്ത് ഒരു കലാപം അഴിച്ചു വിടുക. ഇതായിരുന്നു യാത്രാ വിവരം ചോർത്തിയവരുടെ മാസ്റ്റർ പ്ലാൻ. അതിനെ തകർത്ത സർജിക്കൽ സ്‌ട്രൈക്ക് ആയിരുന്നു പ്രധാനമന്ത്രി നടത്തിയത്.
എ. കണാരൻ എംഎൽഎയെ തടഞ്ഞു എന്ന് പറഞ്ഞ് 8 മുസ്ലിങ്ങളെ കൊന്ന് സിപിഎം നടത്തിയ നാദാപുരം കലാപം, എം.വി രാഘവന്റെ പിടിവാശിക്ക് മുന്നിൽ 5 ഡിവൈഎഫ്ഐക്കാർ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവെയ്പ്പ്, പി ജയരാജന്റെ മാർഗ്ഗം മുടക്കിയതിന് അരിയിൽ ഷുക്കൂറിനെ വിചാരണ ചെയ്ത് കൊലപ്പെടുത്തിയത്, ഇന്ദിരാ വധത്തിന് ശേഷമുള്ള സിഖ് വംശഹത്യ, രാജീവ് വധത്തിന് ശേഷം നടന്ന തമിഴ് വംശഹത്യ തുടങ്ങിയ സംഭവങ്ങൾ പോലെ പഞ്ചാബിലും സംഭവിക്കും എന്ന് മനപ്പായസം ഉണ്ടവർ നിരാശരാവുക സ്വാഭാവികം.
പ്രധാനമന്ത്രി തോറ്റോടി, ആഭ്യന്തര വകുപ്പ് പരാജയം, അമിത് ഷാ രാജിവെക്കണം എന്നൊക്കെ ചില അഭിപ്രായ പ്രകടനങ്ങൾ കണ്ടിരുന്നു. അതുകൊണ്ട് പറഞ്ഞതാണ്. നേരത്തെ പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കുന്നു. മുന്നേറ്റം മുന്നോട്ടുള്ള യാത്ര മാത്രമല്ല. റിവേഴ്‌സ് ഗിയർ ഉപയോഗിക്കുന്നത് ഡ്രൈവർ മോശക്കാരൻ ആയതുകൊണ്ടല്ല.
Reverse Gear is also a Gear'.