
ന്യൂഡൽഹി: അടുത്തയാഴ്ച പുറത്തുവരുന്ന പുത്തൻ യെസ്‌ഡിയുടെ ടീസർ വീഡിയോ പുറത്ത്. വാഹനത്തിന്റ ഇന്ത്യയിലെ നിർമാതാക്കളായ ക്ളാസിക്ക് ലെജൻഡ്സ് ആണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് വഴി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. വാഹനത്തിന്റെ വിശദാംശങ്ങൾ ഒന്നും വെളിപ്പെടുത്താതെ ബീച്ചിലൂടെ പുതിയ ബൈക്ക് ഓടിക്കുന്ന ദൃശ്യങ്ങൾ മാത്രമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അച്ഛനെ നിരാശപ്പടുത്തരുത് എന്നതാണ് വീഡിയോയയിലെ ടാഗ്‌ലൈൻ. വളരെ നാളുകൾക്ക് ശേഷം ഇന്ത്യയിലേക്ക് മടങ്ങിവരുന്ന ഇരുചക്രബ്രാൻഡാണ് യെസ്ഡി. ഒരുകാലത്ത് ഇന്ത്യൻ നിരത്തുകൾ അടക്കിവാണിരുന്ന യെസ്ഡി ബൈക്കുകളുടെ മടങ്ങിവരവ് വാഹനപ്രേമികൾ വളരെ താത്പര്യത്തോടെ ഉറ്റുനോക്കുകയാണ്. നിർമാണം നിർത്തുമ്പോൾ ടൂ സ്ട്രോക്ക് ശ്രേണിയിലായിരുന്ന ബൈക്ക് ഫോർ സ്ട്രോക്കായിട്ടാണ് മടങ്ങിവരുന്നത്. ഇത് വാഹനപ്രേമികൾ എത്രത്തോളം അംഗീകരിക്കുമെന്നതാണ് നിർമാതാക്കളുടെ ഭയം.
അടുത്ത 13ന് യെസ്ഡി ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുമെന്നാണ് ക്ളാസിക് ലെജൻഡ്സ് അറിയിച്ചിട്ടുള്ളത്. റോയൽ എൻഫീൽഡ്, ഹോണ്ട, ബെന്നെലി എന്നിവയുടെ എതിരാളിയായിട്ടാകും യെസ്ഡി എത്തുക. ജാവ പെരക്കിൽ ഉപയോഗിച്ചിട്ടുള്ള അതേ 334 സി സി എൻജിൻ തന്നെയാകും യെസ്ഡിയിലും ഉപയോഗിക്കുക എന്നാണ് അറിയാൻ സാധിക്കുന്നത്. എൻജിന്റെ ട്യൂണിംഗിലും മറ്റും ചില്ലറ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്നത് ഒഴിച്ചാൽ പെരക്കിനെ അപേക്ഷിച്ച് വലിയ മാറ്റങ്ങൾക്ക് സാദ്ധ്യതയില്ല. 30 ബി എച്ച് പി പവറും 32.74 എൻ എം ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിനാണ് പെരക്കിന് ശക്തി പകരുന്നത്.