
കോഴിക്കോട് : ആക്‌ടിവിസ്റ്റ് ബിന്ദു അമ്മിണിക്കെതിരെ ആരോപണവുമായി അറസ്റ്റിലായ മോഹൻദാസിന്റെ ഭാര്യ റീജ രംഗത്തെത്തി. പ്രകോപനമില്ലാതെ ആദ്യം ആക്രമിച്ചത് ബിന്ദു അമ്മിണിയാണെന്നും അവർ തന്നെ സംഭവത്തിന്റെ വീഡിയോ എടുപ്പിക്കുകയായിരുന്നുവെന്നും റീജ പറഞ്ഞു.
ഭർത്താവിന്റെ തുണി അഴിച്ചെടുത്തതും മൊബൈൽ വലിച്ചെറിയുന്നതും ചെരിപ്പു കൊണ്ടടിക്കുന്നതുമെല്ലാം എല്ലാവരും കണ്ടതാണെന്നും മോഹൻദാസിന്റെ ഭാര്യ പറഞ്ഞു. കോഴിക്കോട് ബീച്ചിൽ വച്ച് ഇന്നലെ വൈകിട്ടായിരുന്നു ബിന്ദു അമ്മിണി ആക്രമിക്കപ്പെട്ടത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ബിന്ദു ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.
തന്നെ മർദിച്ചയാളെ ബിന്ദു തിരിച്ചും മർദിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സംഘർഷത്തിൽ മോഹൻദാസിനും പരിക്കേറ്റിട്ടുണ്ട്. സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്‌തതിനുമാണ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുള്ളത്. ബിന്ദുവിനെതിരെ മോഹൻദാസും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.