bmw

ലാസ് വേഗാസ്: വാഹനങ്ങളിൽ നൂതന സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്താനാണ് ഓരോ വാഹന നിർമാതാക്കളും ശ്രമിക്കുന്നത്. അത്തരത്തിലൊരു പുത്തൻ ആശയവുമായി എത്തിയിരിക്കുകയാണ് ജർമൻ കാർ നി‌ർമാതാക്കളായ ബി എം ഡബ്ളിയു. തങ്ങളുടെ പുതിയ ഇലക്ട്രിക്ക് എസ് യു വി മോഡലായ ഐ എക്സിലാണ് ബി എം ഡബ്ളിയു ഈ പുത്തൻ സാങ്കേതികവിദ്യക്ക് ജീവൻ നൽകിയിരിക്കുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ നിറം മാറുന്ന കാറാണ് ഇത്. നിലവിൽ വെള്ള കറുപ്പ് നിറങ്ങളിൽ മാത്രമാണ് വാഹനം ലഭിക്കുന്നതെങ്കിലും ഭാവിയിൽ വിവിധ നിറങ്ങൾ ഉൾപ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനി.

കഴിഞ്ഞ ദിവസം ലാസ് വേഗാസിൽ നടന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിലാണ് നിറം മാറുന്ന കാർ ആദ്യമായി പ്രദർശിപ്പിക്കുന്നത്. നിലവിൽ ഈ വാഹനം വിപണിയിൽ ലഭ്യമല്ല. ലോകത്തിലെ മുൻനിര ഇലക്ട്രോണിക്സ് നിർമാതാക്കൾ അവരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കുന്ന എക്സിബിഷനാണ് ലാസ് വേഗാസിലെ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ.

വാഹനത്തിനുള്ളിൽ ഇരുന്ന് കൊണ്ട് തന്നെ ഡ്രൈവറിന് ഒരു സ്വിച്ച് അമർത്തിയാൽ നിറം മാറ്റാൻ സാധിക്കും. കാറിന്റെ പെയിന്റുകൾക്കിടയിലുള്ള ഇലക്ട്രോണിക് മഷി വഴിയാണ് ഇത് പ്രാവർത്തികമാകുന്നത്. അതേസമയം വാഹന ഉപഭോക്താവിന് തന്റെ വാഹനം കുറച്ചു കൂടി മോഡിഫൈ ചെയ്യാം എന്നതിലുപരി ഈ ടെക്നോളജികൊണ്ട് നിലവിൽ വലിയ പ്രയോജനമില്ലെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. എന്നാൽ ഭാവിയിൽ ചൂടിനെ പുറന്തള്ളുന്നതും വലിച്ചെടുക്കുന്നതുമായ നിറങ്ങൾ കാലാവസ്ഥയ്ക്ക് അനുസരിച്ച് മാറ്റാൻ സാധിക്കുമെങ്കിൽ അത് വമ്പൻ മാറ്റത്തിന് കാരണമായേക്കുമെന്ന് ബി എം ഡബ്ളിയു അറിയിച്ചു.