vghghg

പ്യോങ്യാംഗ്: ഉത്തരകൊറിയൻ പരമോന്നത നേതാവായ കിം ജോങ് ഉന്നിനെതിരെ മോശമായ രീതിയിൽ ചുവരെഴുത്ത് നടത്തിയ കുറ്റവാളിയെ കണ്ടെത്താൻ അതി വിചിത്ര രീതിയിലുള്ള പരിശോധനയുമായി ഉദ്യോഗസ്ഥർ. രാജ്യ തലസ്ഥാനമായ പ്യോങ്യാംഗിലെ ഒരു കെട്ടിടത്തിന്റെ ചുമരിലാണ് അധികാരികളെ ഞെട്ടിച്ച് കൊണ്ട് കിമ്മിനെ അധിക്ഷേപിക്കുന്ന തരത്തിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. സംഭവത്തെ തുടർന്ന് ചുവരെഴുത്ത് നടത്തിയവരെ കണ്ടുപിടിക്കാൻ മുഴുവൻ നഗരവാസികളുടേയും കൈയക്ഷര പരിശോധന നടത്തുകയാണ് ഉത്തരകൊറിയൻ സുരക്ഷാ സേന. ഇതിനായി വീടുകൾ,​ ഫാക്ടറികൾ,​ വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കയറിയിറങ്ങി കൈയ്യക്ഷര സാമ്പിളുകൾ ശേഖരിക്കുകയാണ് ഉദ്യോഗസ്ഥർ. ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.

ഇത്തരത്തിൽ ആയിരക്കണക്കിനു പേരുടെ കൈയക്ഷരം പരിശേിധിക്കാനാണ് അധികൃതർ ഉത്തരവിട്ടിരിക്കുന്നത്. ഉത്തരകൊറിയൻ ഭരണകക്ഷിയുടെ സെൻട്രൽ കമ്മിറ്റി പ്ലീനറി സമ്മേളനം നടക്കുന്നതിനിടെ ഡിസംബർ 22നാണ് നഗരത്തിൽ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. മോശമായ ഭാഷയിൽ കിമ്മിനെ അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന ചുവരെഴുത്തിൽ രാജ്യത്ത് ജനങ്ങൾ പട്ടിണി കിടന്ന് മരിക്കാൻ കാരണക്കാരൻ താനാണെന്നും കുറ്റപ്പെടുത്തിയിട്ടുണ്ട്. വിവരമറിഞ്ഞ ഉടനെ സുരക്ഷാ സേന സ്ഥലത്തെത്തി ചുവരെഴുത്ത് മായ്ച് കളഞ്ഞിരുന്നു. എന്നാൽ കുറ്റക്കാരനെ കണ്ടെത്തി ശിക്ഷിക്കണമെന്ന് കിം ഉത്തരവിട്ടതോടെ ആളെ കണ്ടെത്താൻ നെട്ടോട്ടമോടുകയാണ് രാജ്യത്തെ ഉന്നത ഉദ്യോഗസ്ഥർ. ഭരണാധികാരികളെ പ്രത്യേകിച്ചും കിമ്മിനെ വിമർശിക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കുന്ന രാജ്യമാണ് ഉത്തര കൊറിയ.