
വാക്സിൻ എടുക്കാതെ ആസ്ട്രേലിയൻ ഓപ്പണിനെത്തിയ നൊവാക്ക് ജോക്കോവിച്ചിന് വിസ നിഷേധിച്ചു
താരത്തെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചു, നൊവാക്ക് കോടതിയെ സമീപിച്ചു
മെൽബൺ: കൊവിഡ് വാക്‌സിൻ എടുക്കാതെ ആസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിൽ പങ്കെടുക്കാനെത്തിയ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവുമായ നൊവാക് ജോക്കോവിച്ചിന് ആസ്‌ട്രേലിയൻ സർക്കാർ വിസ നിഷേധിച്ചു.
സീസണിലെ ആദ്യ ഗ്രാൻസ്ളാം ടൂർണമെന്റായ ആസ്ട്രേലിയൻ ഓപ്പണിന്റെ സംഘാടകർ ആരോഗ്യപരമായ കാരണങ്ങൾ മുൻനിറുത്തി വാക്സിൻ എടുക്കുന്നതിൽ നിന്ന് തനിക്ക് ഇളവുനൽകിയെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് മെൽബണിൽ നിന്ന് വിമാനം കയറിയ നൊവാക്കിനെ നാടകീയമായി മെൽബൺ വിമാനത്താവളത്തിൽ തടയുകയായിരുന്നു. നൊവാക്കിനെ ഇന്നു തന്നെ സെർബിയയിലേക്ക് തിരിച്ചയക്കുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ തനിക്ക് വിസ നിഷേധിച്ചതിനെതിരെ നൊവാക്ക് മെൽബണിലെ കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കുന്നത് പത്താം തീയതിയിലേക്ക് മാറ്റിയ കോടതി അതുവരെ നൊവാക്കിനെ തിരിച്ചയക്കരുതെന്ന് ഉത്തരവിട്ടിരിക്കുകയാണ്. തുടർന്ന് താരത്തെ നിരീക്ഷണത്തിലേക്ക് മാറ്റി. ഈ മാസം 17നാണ് ആസ്ട്രേലിയൻ ഓപ്പൺ തുടങ്ങുന്നത്.
കൊവിഡിന്റെ തുടക്കം മുതൽ ലോക്ഡൗൺ അടക്കം കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ രാജ്യമാണ് ആസ്‌ട്രേലിയ. ഈ വർഷമാദ്യം മുതൽ ആസ്ട്രേലിയയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ട്. വാക്സിനേഷൻ എടുക്കാതെ രാജ്യത്തേക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ ഇതുവരെ വാക്സിൻ എടുക്കാൻ തയ്യാറാകാത്ത നൊവാക്ക് വാക്സിൻ എടുത്തശേഷമേ കളിക്കാനാകൂ എങ്കിൽ ടൂർണമെന്റിൽ പങ്കെടുക്കുന്നില്ലെന്ന് വാശിപിടിച്ചു. ഇതോടെയാണ് ആരോഗ്യപരമായ കാരണങ്ങളെന്ന് പറഞ്ഞ് ഇളവ് അനുവദിക്കാൻ സംഘാടകർ നിർബന്ധിതരായത്.
ജോക്കോയ്ക്ക് വാക്സിനേഷൻ നയത്തിൽ ഇളവ് അനുവദിക്കുന്നതിനെതിരെ ആസ്‌ട്രേലിയയിൽ കടുത്ത പ്രതിഷേധമുണ്ടായിരുന്നു. വിമാനം ഇറങ്ങിയ ജോക്കോയോട് വാക്‌സിൻ സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. വാക്‌സിൻ എടുക്കാത്തതിന് കൃത്യമായ ആരോഗ്യകാരണങ്ങൾ ബോധ്യപ്പെടുത്തുന്ന തെളിവ് ഹാജരാക്കാൻ ജോക്കോയ്ക്ക് കഴിഞ്ഞില്ലെന്ന് അധികൃതർ പറഞ്ഞു.
നയതന്ത്ര പ്രശ്നമായി നൊവാക്ക്
നൊവാക്കിനെ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് ആസ്ട്രേലിയയും സെർബിയയും തമ്മിലുള്ള നയതന്ത്രപ്രശ്നമായി മാറിയിട്ടുണ്ട്.തങ്ങളുടെ താരത്തോട് കാണിച്ചത് മോശം പെരുമാറ്റമാണെന്ന് സെർബിയ കുറ്റപ്പെടുത്തി. ജോക്കോയോട് ഫോണിൽ സംസാരിച്ച സെർബിയൻ പ്രസിഡന്റ് രാജ്യം മുഴുവന്‍ താരത്തിനൊപ്പമുണ്ടെന്ന് അറിയിച്ചു. നിയമം എല്ലാവർക്കും ബാധകമാണെന്നായിരുന്നു ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ പ്രതികരണം. നിയമം നിയമം തന്നെയാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും സ്‌കോട്ട് മോറിസൻ പറഞ്ഞു. ഇളവ് അനുവദിച്ചെന്ന അവകാശവാദമല്ലാതെ കൃത്യമായ രേഖ ഹാജരാക്കിയില്ലെങ്കിൽ അടുത്ത വിമാനത്തിൽ തന്നെ താരത്തിന് നാട്ടിലേക്ക് തിരിച്ചുപോകേണ്ടി വരുമെന്ന് ജോക്കോവിച്ച് എത്തുന്നതിന് മുമ്പ് തന്നെ മോറിസൺ മുന്നറിയിപ്പ് നൽകിയിരുന്നു
അതേസമയം ജോക്കോയ്ക്ക് പ്രത്യേക പരിഗണന ഒന്നും നൽകിയിട്ടില്ലെന്ന് ആസ്ട്രേലിയൻ ഓപ്പൺ ടൂർണമെന്റ് മേധാവി പറഞ്ഞു. കൃത്യമായ കാരണമില്ലാതെ ആർക്കും ഇളവ് നൽകിയില്ലെന്നും അദ്ദേഹം അറിയിച്ചു. 20 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയ താരമാണ് ജോക്കോവിച്ച്.