goa

പനാജി: സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവും ആറുതവണ മുഖ്യമന്ത്രിയുമായ കോൺഗ്രസ് നേതാവിന് ഗോവയിലെ ബി ജെ പി സർക്കാരിന്റെ അപൂർവ ആദരവ്. ആജീവനാന്ത കാബിനറ്റ് പദവി നൽകിയാണ് പ്രതാപ് സിംഗ് റാണയെ സംസ്ഥാന സർക്കാർ ആദരിച്ചത്. സംസ്ഥാനത്തിന് നൽകിയ മഹത്തായ സേവനങ്ങൾക്കുള്ള അംഗീകാരമെന്ന നിലയിലാണ് ആദരമെന്നാണ് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറയുന്നത്. മറ്റുസർക്കാരുകൾക്കും പാർട്ടികൾക്കും മാതൃകയായ തീരുമാനം എന്നാണ് ഇതിനെ ബി ജെ പി അനുകൂലികൾ വിശേഷിപ്പിക്കുന്നത്.

മുഖ്യമന്ത്രിക്ക് പുറമേ നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നീ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. പ്രതാപ് സിംഗ് റാണയുടെ മകൻ വിശ്വജിത്ത് റാണെ കുറച്ചുനാൾ മുമ്പ് കോൺഗ്രസ് വി‌ട്ട് ബി ജെ പിയിൽ ചേർന്നിരുന്നു. നിലവിൽ സംസ്ഥാന മന്ത്രിസഭയിലെ അംഗമാണ് അദ്ദേഹം. മകൻ പാർട്ടിയിൽ ചേർന്നതിനുള്ള പ്രത്യുപകാരം എന്ന നിലയിലാണ് പ്രതാപ് സിംഗിന് ഇത്തരമൊരു പദവിനൽകിയതെന്നാണ് ചില കേന്ദ്രങ്ങൾ പറയുന്നത്.

എൺപത്തിരണ്ടുകാരനായ റാണ കോൺഗ്രസ് വിട്ട് ബി ജെ പിയിലേക്ക് പോകുമെന്ന് അടുത്തിടെ വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇതുനിഷേധിച്ചുകൊണ്ട് അദ്ദേഹം തന്നെ രംഗത്തെത്തുകയായിരന്നു. വാർത്തയെ വെറും ഭാവനാസൃഷ്ടി എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. പ്രതാപ് സിംഗ് റാണയുടെ അനുഗ്രഹം ഉടൻ ബി ജെ പിക്ക് ലഭിക്കുമെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞതോടെയാണ് റാണ കോൺഗ്രസ് വിടുമെന്ന് സൂചന ഉണ്ടായത്.