kk

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി ദിവസങ്ങളായി ആശുപത്രി പരിസരത്തുണ്ടായിരുന്നുവെന്ന് കൂട്ടിരിപ്പുകാരുടെ മൊഴി. കളമശേരി സ്വദേശി നീതുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുഞ്ഞിനെ അമ്മയുടെ അടുത്ത് നിന്ന് എടുക്കാന്‍ നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ യുവതി, കുഞ്ഞിനെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പറയുകയായിരുന്നു. വേഷത്തില്‍ സംശയം തോന്നാതിരുന്ന അമ്മ കുഞ്ഞിനെ നല്‍കി.

നഴ്‌സ് എന്തുകൊണ്ട് കുഞ്ഞിനെ മാത്രം എടുത്തുകൊണ്ടു പോയെന്ന സംശയം ഉയര്‍ന്നതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ പുറത്താവുന്നത്. നഴ്‌സല്ല മറ്റൊരോ വേഷം മാറിയെത്തിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് മനസിലായി. ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.

മൂന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കൽ കോളേജിൽ നിന്നും കടത്തികൊണ്ടുപോയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആശുപത്രി പരിസരത്തെ ഒരു ഹോട്ടലിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് ഹോട്ടലിൽ കുഞ്ഞുമായി ഒരു സ്ത്രീയുണ്ടെന്ന വിവരം ലഭിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം മറ്റൊരു ആൺ കുട്ടിയുമുണ്ട്.

കുട്ടിയെ കടത്താൻ ശ്രമിച്ച സ്ത്രീക്ക് പിന്നിൽ റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് സ്ഥലത്തെത്തിയ മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.