
നമ്മളിൽ പലർക്കും എപ്പോഴെങ്കിലും കണ്ണ് തുടിക്കുന്നത് അനുഭവപ്പെട്ടിട്ടുണ്ടാകാം.പൊതുവെ അല്പസമയത്തേക്ക് മാത്രമേ കണ്ണ് തുടിപ്പ് നീണ്ടുനിൽകാറുള്ളു. പക്ഷേ ചിലരിൽ ഇത് ദിവസങ്ങളോളവും ആഴ്ചകളോളവും നീണ്ടെന്നു വരാം. അത്തരം സാഹചര്യങ്ങളിൽ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്. കണ്ണ് തുടിക്കുന്നത് സ്വാഭാവികമല്ല, പല കാരണങ്ങളും അതിനു പിന്നിൽ കാണാം.
സാധാരണയായി മാനസിക സമ്മർദ്ദം, തളർച്ച എന്നിങ്ങനെയുള്ള അവസ്ഥകളെ തുടർന്നാണ് കണ്ണ് തുടിക്കുന്നത്. ശരീരത്തിലെ മറ്റെല്ലാ അവയവങ്ങൾക്കും വേണ്ടതുപോലെ കണ്ണിനും പോഷകങ്ങൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിങ്ങനെയുള്ള ഘടകങ്ങൾ അത്യാവശ്യമാണ്. വിറ്റാമിൻ ബി12ന്റെ കുറവ് കാരണമാണ് ഈ അവസ്ഥ പ്രധാനമായും ഉണ്ടാകുന്നത്. നെർവ് ടിഷ്യൂവിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ സുഗമമായ പ്രവർത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനുമെല്ലാം വിറ്റാമിൻ ബി12 അത്യന്താപേക്ഷിതമാണ്. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, ക്ലോറിൻ, ഫോസ്‌ഫേറ്റ് തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയും കാരണമാകാറുണ്ട്. അമിത മദ്യപാനവും കഫീൻ അധികമായി കഴിക്കുന്നതും കണ്ണ് തുടിപ്പിന് കാരണമാകുന്നു.