arrest

രാജ്‌കോട്ട്: ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 22കാരനെ 20 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ച് കോടതി. ഗുജറാത്തിലെ ബോട്ടാദ് ജില്ലയിലാണ് സംഭവം. കുല്‍ദീപ് പര്‍മാര്‍ എന്ന 22കാരനാണ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ജയിൽശിക്ഷയ്ക്ക് പുറമെ യുവാവിന് 5000 രൂപ പിഴയും വിധിച്ചു. ഇത് കൂടാതെ ഇരയ്ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു.

2018 നവംബര്‍ 29നാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം പട്ടം പറത്താനെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച പ്രതി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. വൈകീട്ട് വീട്ടില്‍ തിരിച്ചെത്തിയ മാതാപിതാക്കള്‍ കുട്ടിയുടെ ലെഗ്ഗിന്‍സില്‍ രക്തം പുരണ്ടത് കണ്ടപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍ കുട്ടി ബലാത്സംഗത്തിനിരയായതായി കണ്ടെത്തി.