
മരിച്ചവരുടെ ഫോട്ടോകൾ വീടുകളിൽ സൂക്ഷിക്കുന്നത് ഇന്നത്തെ പതിവാണ്. ചിലർ ചിത്രങ്ങൾക്ക് മുന്നിൽ കെടാവിളക്ക് കത്തിച്ചുവയ്ക്കുകയും ചെയ്യും. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഈ പ്രവൃത്തി നമ്മുടെയും കുടുംബത്തിന്റെയും ഭാവിയെതന്നെ ബാധിച്ചേക്കാം എന്നാണ് വാസ്തുശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്.
നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരായിരിക്കും മരിച്ചുപോകുന്നത്. അവരുടെ ഓർമ എപ്പോഴും നിലനിറുത്താനാണ് ഫോട്ടോ വയ്ക്കുന്നത്. എന്നാൽ എത്രതന്നെ പ്രിയപ്പെട്ടവരാണെങ്കിലും ചെറുപ്രായത്തിൽ നമ്മെ വിട്ടുപിരിഞ്ഞുപോയവർ, ആത്മഹത്യ ചെയ്തവർ, അപകടങ്ങളിൽ മരിച്ചവർ, മാരകമായ അസുഖം ബാധിച്ച് മരിച്ചവർ തുടങ്ങിയവരുടെ ഫോട്ടോ ഒരു കാരണവശാലും വീടിന്റെ പൂമുഖത്തോ മറ്റ് പ്രധാന ഭാഗങ്ങളിലോ വലുതായി മാലയിട്ട് വയ്ക്കരുത്. ഇത് നെഗറ്റീവ് എനർജി കൊണ്ടുവരികയും വീടിനെയും വീട്ടുകാരെയും ദോഷകരമായി ബാധിക്കുകയും ചെയ്യും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. അത്തരക്കാരുടെ ചെറിയ ഫോട്ടോകൾ അവർ ഉപയോഗിച്ച മുറികളിൽ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. ഈ ഫോട്ടോകളിൽ മാലകൾ ചാർത്തുകയോ വിളക്ക് തെളിക്കുകയോ ചെയ്യാതിരിക്കുന്നതാണ് ഉചിതം. ചുവരിൽ തൂക്കാതെ ചിത്രം മേശപ്പുറത്ത് വയ്ക്കുന്നതാണ് ഏറെ നന്ന്.
എന്നാൽ, ഏറെക്കാലം കുടുംബത്തിനുവേണ്ടി ജീവിച്ച അപ്പൂപ്പൻ, അമ്മൂമ്മ, അച്ഛൻ, അമ്മ തുടങ്ങിയ പ്രായമായി മരിച്ചവരുടെ ചിത്രങ്ങൾ വീടിന്റെ പൂമുഖത്തോ ഹാളിലോ വയ്ക്കുന്നതിൽ കുഴപ്പമില്ല. ഇത് വീട്ടിലും വീട്ടുകാരിലും പോസിറ്റീവ് എനർജി ഉണ്ടാക്കും. അത്തരക്കാരുടെ ചിത്രങ്ങൾ കാണുമ്പോൾ നമ്മുടെ ആത്മവിശ്വാസം കൂടുന്നതുതന്നെ ഇതിന് തെളിവ്.