modi

ലുധിയാന: പ്രധാനമന്ത്രി നരേന്ദ്ര മോദി കടന്നുവരുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നെന്നും സുരക്ഷാ സേനയിലുൾപ്പെട്ട ആരെങ്കിലും തങ്ങളോട് പറഞ്ഞിരുന്നെങ്കിൽ വഴിമാറിക്കൊടുക്കുമായിരുന്നെന്ന് കർഷകർ. കഴിഞ്ഞ ദിവസം പഞ്ചാബിൽ സന്ദർശനത്തിന് എത്തിയ മോദി കർഷകപ്രക്ഷോഭത്തെ തുടർന്നുണ്ടായ സുരക്ഷാവീഴ്ച കാരണം പകുതിവഴിയിൽ വച്ച് മടങ്ങിപ്പോയിരുന്നു.

പ്രധാനമന്ത്രി അതിലേ വരുന്നുണ്ടെന്ന് പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നെങ്കിലും തങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള പൊലീസിന്റെ അ‌ടവായിട്ടാണ് തങ്ങൾക്ക് തോന്നിയതെന്ന് കർഷകർ പറഞ്ഞു. അതേസമയം മോദിയുടെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥരിൽ ആരെങ്കിലും തങ്ങളോട് ആവശ്യപ്പെട്ടിരുന്നെങ്കിൽ വഴിമാറിക്കൊടുക്കുമായിരുന്നെന്നും പ്രധാനമന്ത്രിയെ വഴിയിൽ തടയുകയെന്നത് തങ്ങളുടെ ലക്ഷ്യമായിരുന്നില്ലെന്നും കർഷക പ്രതിനിധികൾ വ്യക്തമാക്കി.

അതേസമയം പ്രധാനമന്ത്രി വന്നെന്നും തങ്ങളുടെ പ്രക്ഷോഭം കാരണം മടങ്ങിപ്പോയെന്നുമുള്ള വസ്തുത അറിഞ്ഞതു പോലുമില്ലെന്ന് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഭാരതീയ കിസാൻ യൂണിയന്റെ നേതാക്കളിലൊരാളായ ബൽദേവ് സിറ ദേശീയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. റോഡ് ഉപരോധത്തിന് ശേഷം തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നതിനിടയിലാണ് ആരോ പറഞ്ഞ് ഈ വാർത്ത അറിയുന്നതെന്നും ബൽദേവ് സിറ പറഞ്ഞു.

കഴിഞ്ഞ ദിവസം കർഷകരുടെ റോഡ് ഉപരോധത്തെ തുടർന്ന് പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഹനവ്യൂഹം ഇരുപത് മിനിട്ടോളം ഫ്ളൈ ഓവറിൽ കുടുങ്ങിയിരുന്നു. തുടർന്ന് യാത്രപൂർത്തിയാക്കാതെ പ്രധാനമന്ത്രി തിരിച്ചുപോയി. വൻസുരക്ഷാ വീഴ്ചയിൽ പഞ്ചാബിലെ കോൺഗ്രസ് സർക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയിരുന്നു. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി എടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. പിന്നാലെ ക്രമസമാധാന ചുമതല വഹിച്ചിരുന്ന പൊലീസ് സീനിയർ സൂപ്രണ്ട് ഹർമാൻ ഹാൻസിനെ ഡി.ജി.പി സസ്പെൻഡ് ചെയ്തു.

ഹുസൈനിവാലയിലെ രക്തസാക്ഷി സ്മാരകം സന്ദർശിക്കാനും 42,750കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിടാനും ഫിറോസ്‌പൂരിലെ പാർട്ടി റാലിയിൽ പങ്കെടുക്കാനുമാണ് പ്രധാനമന്ത്രി ഇന്നലെ രാവിലെ പഞ്ചാബിൽ എത്തിയത്. സംസ്ഥാനത്തെ വലിയ ക‌ർഷക സംഘടനയായ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനെതിരെ നിരവധി കേന്ദ്രങ്ങളിൽ റോഡ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഭട്ടിൻഡ വിമാനത്താവളത്തിൽ എത്തിയ മോദി ഹുസൈനിവാലയിലേക്ക് ഹെലികോപ്റ്ററിൽ പോകാനിരുന്നതാണ് . മഴയും മോശം കാലാവസ്ഥയും കാരണം 20 മിനിട്ട് വിമാനത്താവളത്തിൽ കാത്തിരുന്നു. കാലാവസ്ഥ മെച്ചപ്പെടാത്തതിനെ

തുടർന്ന് റോഡ് മാർഗ്ഗം തിരിക്കുകയായിരുന്നു. ഹുസൈനിവാലയ്ക്ക് 30 കിലോമീറ്റർ ഇപ്പുറമുള്ള ഫ്ലൈ ഓവറിൽ എത്തിയപ്പോഴേക്കും റോഡ് ഉപരോധിച്ചതായി അറിഞ്ഞു. അതോടെ വാഹനവ്യൂഹം ഫ്ലൈ ഓവറിൽ കുടുങ്ങുകയായിരുന്നു. സുരക്ഷാ ഭടൻമാർ ചാടിയിറങ്ങി നിറതോക്കുകളുമായി പ്രധാനമന്ത്രിയുടെ കാറിനെ വലയം ചെയ്തു. തുടർന്ന് ഇരുപത് മിനിറ്റോളം കാത്തുകിടന്നശേഷം പരിപാടികളെല്ലാം റദ്ദാക്കി മോദി ഭട്ടിൻഡ വിമാനത്താവളത്തിലേക്ക് മടങ്ങിപ്പോവുകയായിരുന്നു.