
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഇന്ന് ഡൽഹിയിലും മുംബയിലും രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന. ഡല്‍ഹിയില്‍ വ്യാഴാഴ്ച 15,097 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് മാസത്തിനിടയിലെ ഏറ്റവും വലിയ പ്രതിദിന കണക്കാണിത്. കഴിഞ്ഞ ദിവത്തെക്കാൾ 41 ശതമാനം വർദ്ധനയാണ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായത്. 15.34 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നിലവില്‍ 1091 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്.
മുംബയില്‍ 20,181 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 500 കെട്ടിടങ്ങള്‍ നഗരത്തില്‍ സീല്‍ ചെയ്തു. മുംബയിലെ പുതിയ കേസുകളില്‍ 85 ശതമാനത്തിനും ലക്ഷണങ്ങളുണ്ടായിരുന്നില്ല.1170 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 106 പേര്‍ക്ക് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായി വന്നു. ഒമിക്രോണ്‍ കേസുകളിലും മഹാരാഷ്ട്രയാണ് മുന്നിലുള്ളത്.
കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്നൗവില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് രാത്രി കര്‍ഫ്യു ഏര്‍പ്പെടുത്തിയത്.
കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂ ഫെബ്രുവരി ആദ്യ ആഴ്ച വരെ നീട്ടി . ബെംഗളൂരു നഗരത്തിലെ സ്കൂളുകളും കോളേജുകളും അടച്ചു. ബസ്, മെട്രോ സര്‍വീസുകള്‍ വെട്ടിച്ചുരുക്കി. വാരാന്ത്യങ്ങളില്‍ മദ്യഷോപ്പുകളും അടച്ചിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.മൂന്നര ശതമാനത്തിന് അടുത്താണ് കർണാടകയിൽ നിലവിൽ ടി.പി.ആര്‍. വരുന്ന ആറ് ആഴ്ച അതീവജാഗ്രത തുടരണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിർദേശം.