
കാെച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ രൂപീകരിച്ചിരിക്കുന്നത്. ഡിവൈഎസ്‌പി ബൈജു പൗലോസ് തലവനായുള്ള സംഘമാണ് അന്വേഷണം നടത്തുക. നേരത്തേ കേസ് അന്വേഷിച്ചിരുന്ന ഡിജിപി ബി സന്ധ്യ ഫയർ ഫോഴ്സ് മേധാവിയായ സാഹചര്യത്തിലാണ് പുതിയ സംഘത്തെ നിയോഗിച്ചത്.
കേസിൽ ദിലീപിനെതിരെയുള്ള വെളിപ്പെടുത്തലുകൾ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയത് കഴിഞ്ഞദിവസമാണ്. ഇതിനെത്തുടർന്ന് സംവിധായകന്റെ രഹസ്യമൊഴി എടുക്കാൻ കോടതി അനുമതിയും നൽകിയിരുന്നു. കേസ് അട്ടിമറിക്കാനും വിചാരണ തടസപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദരേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്.
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ ഫോണിന്റെ മെമ്മറി കാർഡ് കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാൽ ആക്രമണ ദൃശ്യങ്ങൾ എല്ലാം നടൻ ദിലീപ് കണ്ടു എന്നാണ് സംവിധായകൻ വെളിപ്പെടുത്തിയത്. താൻ പറയുന്നത് ശരിയാണെന്ന് തെളിയിക്കുന്ന ചില വാട്‌സാപ്പ് മെസേജുകളും സവിധായകൻ പുറത്തുവിട്ടിരുന്നു. ഇതിനെക്കുറിച്ചെല്ലാം വിശദമായി അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന് പിന്നിലെ ലക്ഷ്യം എന്നാണ് കരുതുന്നത്.