
വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. വീട് നിർമ്മാണത്തിനായി മുന്നിട്ടിറങ്ങുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എസ്റ്റിമേറ്റ് ബഡ‌്ജറ്റിംഗ്. വീടുപണിക്കായി നമ്മുടെ കൈയിലുള്ള പണമെത്രയാണെന്ന് മുൻകൂട്ടി തീരുമാനിക്കണം. ബാങ്ക് ലോൺ , മറ്റ് വായ്പകൾ, അതിന്റെ തിരിച്ചടവിനായി വരുന്ന മാസതുക, കാലാവധി ഇവയെല്ലാം ബഡ്ജറ്റിന്റെ കാര്യത്തിൽ കണക്കാക്കേണ്ടി വരും.
വീട് നിർമാണം എന്ന് പൂർത്തികരിക്കണമെന്നും നേരത്തെ തീരുമാനിക്കണം. കാരണം നിർമാണച്ചെലവ് വീടുപണിയുടെ കാലാവധിയുമായി ബന്ധപ്പെട്ടിരിക്കുന്നു.വിശദമായ കെട്ടിടനിർമാണത്തിന്റെ എസ്റ്റിമേറ്റും എൻജിനീയറുടെ/ആർക്കിടെക്റ്റിന്റെ കൈയ്യിൽ നിന്നും വാങ്ങണം. വീടിന്റെ നിർമാണച്ചെലവിനോടൊപ്പം ചുറ്റുമതിൽ, കിണർ, ഔട്ട്ഹൗസ്, സ്റ്റോർ, മറ്റ് ലാൻഡ്സ്കേപ്പിംഗ് എന്നിവയ്ക്കുള്ള വിശദമായ ചെലവ് കൂടി ബഡ്‌ജറ്റിൽ ഉൾപ്പെടുത്തണം.
ഡിസൈനറുടെ ഫീസ്, സർക്കാർ തലത്തിൽ അടയ്ക്കേണ്ട ഫീസ് ഇവയും കണക്കിലെടുക്കണം. വീടിന്റെ എസ്റ്റിമേറ്റ് തയാറാക്കുമ്പോൾ തന്നെ നിർമാണവസ്തുക്കളുടെ വിശദവിവരം ശ്രദ്ധിക്കുക. കാരണം എസ്റ്റിമേറ്റ് തുക വ്യത്യാസപ്പെട്ടിരിക്കുന്നത് വീട് നിർമ്മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ബ്രാൻഡനുസരിച്ചുള്ള വിലവ്യത്യാസം കൂടിയാണെന്ന് തിരിച്ചറിയണം. ഫ്ളോറിംഗ് മെറ്റീരിയൽസ്, സ്വിച്ചുകൾ, ടാപ്പുകൾ തുടങ്ങിയവ വിവിധ കമ്പനികളുടെ ബ്രാൻഡുകൾക്ക് വിലവ്യത്യാസം ഉണ്ട്. ഇത്ഇ കൂടാതെ മൾട്ടിവുഡ്, മറൈൻ പ്ലൈ, എം.ഡി.എഫ്, അവയുടെ പെയിന്റിംഗ് ഇവയ്ക്കെല്ലാം വ്യത്യസ്ത ബ്രാൻഡുകൾക്ക് വലിയ വിലവ്യത്യാസം ഉണ്ടാകാറുണ്ട്.
അധികച്ചെലവുകൾ നിയന്ത്രിക്കുന്നതിന് മെറ്റീരിയൽ സ്പെസിഫിക്കേഷൻ മനസിലാക്കി, നമുക്കാവശ്യമുള്ള സാമഗ്രികൾ തിരഞ്ഞെടുക്കണം. വീടുപണി പൂർത്തിയാകുന്ന മുറയ്ക്ക്, വേണ്ടി വരുന്ന ഫർണിച്ചറുകളെക്കുറിച്ചും നേരത്തേതന്നെ മനസിലാക്കണം. നമ്മുടെ കൈവശം പഴയ തടിഉരുപ്പടികളോ, ഫർണിച്ചറുകളോ ഉണ്ടെങ്കിൽ അത് ഫലപ്രദമായി പുതിയ വീട്ടിൽ എങ്ങനെ ഉപയോഗിക്കാം എന്ന് തീരുമാനിക്കുന്നതും നല്ലതാണ്.