
വാഷിംഗ്ടൺ : പിങ്ക് നിറം ഇഷ്ടപ്പെടാത്ത പെൺകുട്ടികൾ ചുരുക്കമായിരിക്കും. പെൺകുട്ടികളുടെ ഇഷ്ട സാധനങ്ങളിൽ പലതിലും ഒരു പിങ്ക് ടച്ച് ഉണ്ടാവാറുണ്ട്. എന്നാൽ പിങ്ക് നിറത്തോടുള്ള ഇഷ്ടം മൂത്ത് ഈ നിറത്തിനെ തന്നെ വിവാഹം ചെയ്ത് ഏവരേയും അതിശയിപ്പിച്ചിരിക്കുകയാണ് ലാസ് വേഗാസിലെ കിറ്റെൻ കേയ് സേറയെന്ന യുവതി. പിങ്കുമായുള്ള തന്റെ പ്രണയവിവാഹ ദിവസം സേറ പകർത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
പിങ്ക് നിറവുമായി നാൽപ്പത് വർഷം നീണ്ട പ്രണയത്തിന് ഒടുവിലാണ് സേറയുടെ വിവാഹം. വർണാഭമായ ചടങ്ങുകളോടെ ജനുവരി ഒന്നിനായിരുന്നു വിവാഹം. മരണം വരെ പിങ്ക് നിറത്തെ അണിയുമെന്ന് പ്രതിജ്ഞയെടുത്താണ് സേറ വിവാഹം കഴിച്ചത്.
രണ്ട് വർഷം മുമ്പായിരുന്നു പിങ്ക് നിറത്തെ വിവാഹം കഴിക്കാനുള്ള തീരുമാനം സേറ എടുക്കുന്നത്. താങ്കൾക്ക് പിങ്ക് നിറത്തെ അത്ര ഇഷ്ടമാണെങ്കിൽ അങ്ങ് കെട്ടിക്കൂടെ എന്ന് ഒരു കുട്ടി കളിയാക്കി ചോദിച്ചതോടെ പിങ്കിനെ വിവാഹം കഴിക്കുന്നതിനെപ്പറ്റി സേറ ചിന്തിച്ചത്.
'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസം, ഞാനെന്റെ പ്രണയത്തെ വിവാഹം കഴിച്ചു. സേറ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കല്യാണ ദിവസം പിങ്ക് നിറത്തിലുള്ള ഗൗൺ, കോട്ട്, ടിയാര എന്നിവ അണിഞ്ഞ് അതി സുന്ദരിയായാണ് സേറ എത്തിയത്. ആഭരണങ്ങൾ, ലിപ്സ്റ്റിക്ക് , മുടിയിഴകൾ എന്നിവയും വെഡ്ഡിങ് കേക്കും പിങ്ക് നിറത്തിലുള്ളവയായിരുന്നു. കൈയ്യിൽവലിയ പിങ്ക് കാർഡുമായാണ് സേറ വിവാഹത്തിന് ശേഷം ഇടനാഴിയിലൂടെ കടന്നു വന്നത്. തറയിൽ പിങ്ക് പുഷ്പങ്ങൾ വിതറിയിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനെത്തിയവരും പിങ്ക് വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. നാം ജീവിക്കുന്നിടത്തോളം നമുക്ക് സന്തോഷം തരുന്ന കാര്യങ്ങൾ ചെയ്യണമെന്നും അതാണ് താനിപ്പോൾ ചെയ്തിരിക്കുന്നതെന്നും സേറ പറഞ്ഞു.