
അറസ്റ്റിലായത് നിരവധി ക്രിമിനൽക്കേസുകളിലെ പ്രതികൾ
പോത്തൻകോട്: ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ട് പള്ളിപ്പുറത്തെ വീടുകളിൽ കയറി സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ വാളുകാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിന് സമീപം പുതുവൽ പുത്തൻവീട്ടിൽ ഷാനു എന്ന ഷാനവാസ് (38), പെരുമാതുറ കൊട്ടാരംതുരുത്ത് പടിഞ്ഞാറ്റുവിള വീട്ടിൽ അൻസാർ (29), പെരുമാതുറ മാടൻവിള പണയിൽ വീട്ടിൽ ഷാബിൻ (28) എന്നിവരാണ് മംഗലപുരം പൊലീസിന്റെ പിടിയിലായത്.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു സംഭവം. പള്ളിപ്പുറത്തെ മൊബൈൽഷോപ്പിൽ കയറി ജീവനക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിയാണ് ഷാനവാസ്. ഈ കേസിൽ ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ സ്ഥാപനഉടമ മനാഫിന്റെ വീട്ടിലാണ് സംഘം ആദ്യമെത്തിയത്. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെ വാളുകാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട ഇവർ സമീപത്തെ മറ്റ് വീടുകളിലും സമാനമായ രീതിയിൽ അക്രമം നടത്തിയ ശേഷം ബൈക്കുകളിൽ രക്ഷപ്പെടുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ പെരുമാതുറയിൽ നിന്നാണ് പിടികൂടിയത്. ഇവരിൽ നിന്ന് അക്രമത്തിന് ഉപയോഗിച്ച ആയുധങ്ങളും സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകം, വധശ്രമം, കവർച്ച തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ ഷാനവാസ്. പള്ളിപ്പുറത്ത് വ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം നൂറുപവൻ കവർന്ന സംഭവത്തിൽ ഇയാൾ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ സി.ആർ.പി.എഫ് ക്യാമ്പിന് സമീപം ബേക്കറി ഉടമയെ കടയിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്. സ്ഥിരമായി അക്രമങ്ങൾ നടത്തിയ ശേഷം ഒളിവിൽ പോകുന്ന ഷാനവാസ് കോടതിയിൽ കീഴടങ്ങുകയാണ് പതിവ്. കൂട്ടുപ്രതികളായ അൻസാറും ഷാബിനും വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതികളാണ്. ഇവർക്കെതിരെ കാപ്പ ചുമത്തുന്നതിന് അപേക്ഷ നൽകിയതായും പ്രതികളെ സഹായിച്ചവരെയും അറസ്റ്റു ചെയ്യുമെന്ന് മംഗലപുരം ഇൻസ്പെക്ടർ എച്ച്.എൽ. സജീഷ് അറിയിച്ചു.