covid-

ന്യൂഡൽഹി : ഡെൽറ്റയ്‌ക്കൊപ്പം ഒമിക്രോൺ വകഭേദം കൂടി എത്തിയതോടെ രാജ്യത്ത് കൊവിഡ് കണക്കുകളിൽ ഗണ്യമായ വർദ്ധന. മുൻ ദിവസങ്ങളെക്കാൾ ഇരട്ടിയിലധികം കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേ തുടർന്ന് രാജ്യത്തെ പതിനാല് ജില്ലകളിൽ സ്ഥിതി അതീവ ഗുരുതരമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. കേരളത്തിലെ തിരുവനന്തപുരം, എറണാകുളം എന്നീ രണ്ട് ജില്ലകളിൽ സ്ഥിതി ഗുരുതരമാണെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇനി വരുന്ന ഒരാഴ്ച നിർണായകമാണ്. കേസുകളുടെ എണ്ണം നിയന്ത്രിക്കാനായില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമാവും. അടുത്ത ആഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാവുമെന്ന് കരുതുന്നു.

അതേസമയം കൊവിഡ് കേസുകൾ വർദ്ധിക്കുമ്പോഴും ടെസ്റ്റ് നടത്താൻ മടികാട്ടുന്ന ഒൻപത് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നോട്ടീസയച്ചു. തമിഴ്നാട്, പഞ്ചാബ്, ഒഡിഷ, യു പി, മിസോറാം, മേഘാലയ, ജമ്മു കാശ്മീർ, ബീഹാർ എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അഡി സെക്രട്ടറി ആർതി അഹൂജ നോട്ടീസയച്ചത്. സമൂഹത്തിൽ വ്യാപിച്ച അണുബാധയുടെ കൃത്യമായ കണക്കെടുപ്പ് നടക്കാതെ പോയാൽ രോഗവ്യാപനം അതിവേഗത്തിലാകും. ഉയർന്ന തോതിലുള്ള പ്രതിരോധ കുത്തിവയ്പ് രാജ്യത്ത് നിലനിൽക്കുമ്പോഴും കേസുകളിലെ കുതിച്ചു ചാട്ടം കനത്ത ജാഗ്രത തുടരേണ്ട കാര്യം കത്തിലൂടെ ഈ സംസ്ഥാനങ്ങളെ ഓർമ്മപ്പെടുത്തി.


ഇന്നലെ 495 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിലും വച്ച് ഏറ്റവും വലിയ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 2,630 ആയി. മഹാരാഷ്ട്ര (797), ഡൽഹി (465), രാജസ്ഥാൻ (236), കേരളം (234), കർണ്ണാടക (226), തമിഴ്നാട് ( 121) എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലെ ഒമിക്രോൺ ബാധിതരുടെ എണ്ണം. രാജ്യത്ത് 90,928 പുതിയ കൊവിഡ് കേസുകളാണ് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത്. ഇത് കഴിഞ്ഞ 200 ദിവസത്തിനിടയിലെ ഏറ്റവും വലിയ വർദ്ധനവാണ്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 6.43 ശതമാനമാണ്. 325 മരണവും സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് 15,097 കേസുകളാണ് സ്ഥിരീകരിച്ചത്. പോസിറ്റിവിറ്റി നിരക്ക് 15 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിൽ 26,538 കേസുകളാണ് ഇന്നലെ സ്ഥിരീകരിച്ചത്.