neethu-

കോട്ടയം : സി.സി ടി.വി കാമറയും സുരക്ഷാ ജീവനക്കാരുമുള്ള കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നഴ്സിന്റെ വേഷം ധരിച്ച് കയറി ഒരു ദിവസം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ വൻ സുരക്ഷാ വീഴ്ച. കൂട്ടിരിപ്പുകാരായ പുരുഷന്മാർ ഫോൺ ചെയ്താണ് ഗൈനക്കോളജി വാർഡിലുള്ള ബന്ധുക്കളെ പുറത്തേക്ക് വിളിച്ച് അത്യാവശ്യങ്ങൾ നടത്തുന്നത്. ഇങ്ങനെ നിയന്ത്രണമുള്ളിടത്ത് മകനൊപ്പം നീതു കയറി അമ്മയുടെ കൈയിൽ നിന്ന് കുട്ടിയെ തട്ടിയെടുത്ത് പുറത്ത് ഹോട്ടലിൽ എത്തിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു.

ടാക്സി ഡ്രൈവറുടെ ഇടപെടലാണ് യുവതിയെ പിടികൂടാൻ സഹായകമായത്. മൂന്നു മാസം മുമ്പ് നീതു ഡോക്ടറുടെ വേഷത്തിൽ കുട്ടികളുടെ ആശുപത്രിയിലെത്തി പൊലീസ് പിടിച്ചെങ്കിലും കേസെടുക്കാതെ താക്കീതു ചെയ്ത് വിടുകയായിരുന്നു. പല കേസുമായി ബന്ധപ്പെട്ട് വിവരം തേടിയെത്തുന്ന മാദ്ധ്യമ പ്രവർത്തകരെ ഉള്ളിലേക്ക് കയറ്റാൻ പോലും സെക്യൂരിറ്റി ജീവനക്കാർ തയ്യാറാകാറില്ല. രോഗികളുടെ കൂട്ടിരിപ്പുകാരുമായും സംഘർഷം പതിവാണ്. ഇങ്ങനെ പുറത്തുള്ളവർക്ക് കർശന നിയന്ത്രണമുള്ള മെഡിക്കൽ കോളേജാശുപത്രി വാർഡിൽ ഒരു സ്ത്രീ രണ്ടു മൂന്നു ദിവസമായി കയറിയിറങ്ങുകയായിരുന്നു.

നീതു ഈ മാസം നാലിനാണ് മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തുള്ള ഫ്‌ളോറൽ പാർക്ക് ഹോട്ടലിൽ മുറിയെടുത്തത്. വൻ തുക കടം വാങ്ങി വഞ്ചിച്ച കാമുകനോടുള്ള പ്രതികാരത്തിനായാണ് നീതു കുഞ്ഞിനെ കവർന്നത്. പ്രവാസിയുടെ ഭാര്യയായ ഇവർ കൊച്ചിയിൽ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ പ്ലാനറാണ്. ഇവിടെ വച്ചാണ് ഇബ്രാഹിം ബാദുഷയുമായി പരിചയത്തിലായത്. മുപ്പത് ലക്ഷത്തോളം രൂപ നീതുവിൽ നിന്നും യുവാവ് കൈക്കലാക്കിയിരുന്നു. എന്നാൽ അടുത്തിടെ ഇയാൾ മറ്റൊരു വിവാഹം കഴിക്കാൻ പോകുന്നു എന്ന വിവരം അറിഞ്ഞാണ് പ്രതികാരം ചെയ്യാൻ തുനിഞ്ഞത്. ഇതിനായി കുഞ്ഞിനെ കവർന്ന ശേഷം ബാദുഷയുടെ കുഞ്ഞാണെന്ന് പറഞ്ഞ് ബ്ളാക്ക് മെയിൽ ചെയ്യുകയായിരുന്നു ലക്ഷ്യം. ഈ വിവാഹം മുടക്കാനുള്ള നീതുവിന്റെ പദ്ധതിയാണ് പൊലീസ് പൊളിച്ചത്. തിരുവല്ല കുറ്റൂർ സ്വദേശി സുധീഷിന്റെ ഭാര്യയാണ് നീതു, ഭർത്താവ് വിദേശത്ത് ഓയിൽ റിഗിലെ ജോലിക്കാരനാണ്. ഇവർക്ക് എട്ടുവയസുള്ള കുട്ടിയുണ്ട്.

ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ ഒരു മണിക്കൂറിനുള്ളിൽ പൊലീസ് നീതുവിനെ കസ്റ്റഡിയിലെടുത്ത് കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികെ നൽകിയിരുന്നു. ബുധനാഴ്ച ഉച്ചയോടെ പ്രസവിച്ച വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് ഇവർ കവർന്നത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. മുപ്പത്തിമൂന്ന് കാരിയായ നീതു മുൻപ് ഗർഭം അലസിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.