police

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും ഒരുദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഞൊടിയിടയിൽ നടപടി സ്വീകരിച്ച് കുഞ്ഞിനെ കണ്ടെത്തിയ പൊലീസിന് അഭിനന്ദന പ്രവാഹം. കുഞ്ഞിന്റെ മാതാവായ വണ്ടിപ്പെരിയാർ സ്വദേശിനി അശ്വതി പൊലീസിന് നന്ദി അറിയിച്ചു. കുഞ്ഞിനെ നഴ്സിന്റെ വേഷത്തിലെത്തി തട്ടിക്കൊണ്ട് പോയ നീതുവിന്റെ പെരുമാറ്റത്തിൽ സംശയമൊന്നും ഉണ്ടായിരുന്നില്ലെന്നും അശ്വതി പറഞ്ഞു. നീതു നഴ്സായെത്തിയപ്പോൾ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് തന്നോട് പാൽ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. പാൽ നൽകി ഉറക്കിയ ശേഷമാണ് കുഞ്ഞിനെ കൈമാറിയത്. കുഞ്ഞിന് മഞ്ഞയുണ്ടെന്നും അതിനാൽ കൊണ്ടു പോകുന്നു എന്നുമാണ് അറിയിച്ചത്. സ്റ്റെതസ്കോപ്പുമായി എത്തിയ യുവതിയുടേത് സാധാരണ നഴ്സുമാർ ചെയ്യുന്നത് പോലെയുള്ള പെരുമാറ്റമായിരുന്നു, അതിനാൽ സംശയം തോന്നിയില്ല.

എന്നാൽ കുഞ്ഞുമായി നഴ്സ് രണ്ടാമത്തെ നിലയിലേക്ക് പോകുന്നതിന് പകരം താഴത്തെ നിലയിലേക്ക് പോയത് സംശയം ജനിപ്പിച്ചിരുന്നു. തുടർന്ന് നഴ്സുമാരോട് കാര്യം പറയുകയും, അശ്വതിയുടെ മാതാവ് താഴെയെത്തി കാര്യം സെക്യൂരിറ്റിക്കാരോട് പങ്കുവയ്ക്കുകയുമായിരുന്നു. വലിയ നഗരത്തിൽ നിന്നും കുഞ്ഞിനെ തിരികെ ലഭിക്കുമോ എന്ന ഭയപ്പാടിലായിരുന്നു. ഒരു മണിക്കൂറിനകം പൊലീസ് കുട്ടിയെ കൈമാറാനെത്തിയപ്പോഴും അശ്വതി ഭയന്നു. വയലറ്റ് നിറമുള്ള ടർക്കിയിൽ പൊതിഞ്ഞാണ് കുഞ്ഞിനെ കൊണ്ടുവന്നത്. എന്നാൽ ആശുപത്രിയിൽ നിന്നും നീതു കുഞ്ഞിനെ കടത്തിക്കൊണ്ട് പോയപ്പോൾ മറ്റൊരു നിറത്തിലുള്ള തുണിയായിരുന്നു. പൊലീസ് കൊണ്ടു വന്ന കുഞ്ഞ് മാറിപ്പോയോ എന്ന ഭയമായിരുന്നു അപ്പോൾ അശ്വതിക്കുണ്ടായത്. കുഞ്ഞിനെ തിരികെ എത്തിച്ചയുടൻ വിദഗ്ദ്ധ പരിശോധനയ്ക്കായി ഐ സി യു വിലേക്ക് മാറ്റിയിരുന്നു. കുഞ്ഞ് ഇപ്പോൾ ആരോഗ്യവാനാണ്.


കോട്ടയം മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച

സി.സി ടി.വി കാമറയും സുരക്ഷാ ജീവനക്കാരുമുള്ള കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിൽ നഴ്സിന്റെ വേഷം ധരിച്ച് കയറി ഒരു ദിവസം പ്രായമുള്ള നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയതിന് പിന്നിൽ വൻ സുരക്ഷാ വീഴ്ച. കർശന നിയന്ത്രണമുള്ള മെഡിക്കൽ കോളേജാശുപത്രി വാർഡിൽ നീതു രണ്ടു മൂന്നു ദിവസമായി കയറിയിറങ്ങുകയായിരുന്നു. മുമ്പ് നീതു ഡോക്ടറുടെ വേഷത്തിൽ കുട്ടികളുടെ ആശുപത്രിയിലെത്തി പൊലീസ് പിടിച്ചെങ്കിലും കേസെടുക്കാതെ താക്കീതു ചെയ്ത് വിടുകയായിരുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.