
തിരുവനന്തപുരം: മൃഗശാലയിൽ നിന്ന് പന്നിമാൻ പുറത്തുചാടിയത് മൃഗശാല അധികൃതരെ ഏറെനേരം ആശങ്കയിലാക്കി. ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതോടെയാണ് മാൻ പുറത്തുപോയ വിവരം ഇവർ അറിയുന്നത്.
ജീവനക്കാർ സമീപ പ്രദേശങ്ങളിൽ നടത്തിയ തെരച്ചിലിൽ കനകനഗറിലെ ഒഴിഞ്ഞ പറമ്പിൽ നിന്ന് മാനിനെ കണ്ടെത്തുകയായിരുന്നു. മൃഗശാല ഡോക്ടറിനെ വിളിച്ചുവരുത്തി മയക്കുവെടി വച്ചശേഷമാണ് മാനിനെ തിരികെയെത്തിച്ചത്.
മാനിന് മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു. ഒരുവർഷത്തിന് മുമ്പും മാൻ പുറത്തുചാടിയിരുന്നു. മാനിന്റെ കൂടിന് സമീപമുള്ള ചുറ്റുമതിലിന് ഉയരക്കുറവുണ്ടെന്ന് നേരത്തെ ആരോപണമുയർന്നിരുന്നു. സംഭവത്തിൽ ആർക്കെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.