
തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാഡമി ചെയർമാനായി സംവിധായകനും തിരക്കഥാകൃത്തും നടനുമായ രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി. 2016 മുതൽ ചെയർമാനായ സംവിധായകൻ കമലിന്റെ കാലാവധി പൂർത്തിയായ സാഹചര്യത്തിലാണിത്. ഇന്ന് രാവിലെ അദ്ദേഹം ചുമതലയേൽക്കും.
രഞ്ജിത്തിന്റെ നിയമനത്തിന് നേരത്തെ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. അതേസമയം, ഗായകൻ എം ജി ശ്രീകുമാറിനെ സംഗീത നാടക അക്കാഡമി അദ്ധ്യക്ഷനാക്കാൻ മന്ത്രിസഭ ആലോചിച്ചിരുന്നു.
എന്നാൽ, ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ എം ജി ശ്രീകുമാർ പങ്കെടുക്കുന്ന വീഡിയോകളും മറ്റും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ സർക്കാർ പിന്നോട്ട് പോവുകയായിരുന്നു.