
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ പ്രശസ്ത സെലിബ്രിറ്റി ഹെയർസ്റ്റൈലിസ്റ്റായ ജാവേദ് ഹബീബ് തന്റെ വർക്ക്‌ഷോപ്പിനിടെ മുടി സ്റ്റൈൽ ചെയ്യുന്നതിനായി ഒരു സ്ത്രീയുടെ തലയിൽ തുപ്പുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ കടുത്ത വിമർശനമുയർത്തിയിരുന്നു. ഇതിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ വനിതാ കമ്മീഷൻ. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വീഡിയോയുടെ സത്യാവസ്ഥ ഉടൻ തന്നെ അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കാൻ അദ്ധ്യക്ഷ രേഖ ശർമ യു പി ഡിജിപിയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് കമ്മീഷൻ അറിയിച്ചു.
This video is too disgusting to post. But I think this should reach everyone! Shame on you #JavedHabib pic.twitter.com/aP9HJjYiJ9
— Vikas Pandey (@MODIfiedVikas) January 6, 2022
വർക്ക് ഷോപ്പിനിടെ മുടി സ്റ്റൈൽ ചെയ്യുന്നതിന് ഉദാഹരണം കാണിക്കുന്നതിനായി സ്റ്റേജിലേയ്ക്ക് വിളിച്ചുവരുത്തിയ സ്ത്രീയുടെ മുടിയിൽ ജാവേദ് തുപ്പുകയായിരുന്നു. വെള്ളം ലഭ്യമല്ലെങ്കിൽ തുപ്പൽ പകരമായി ഉപയോഗിക്കാമെന്ന് പറഞ്ഞുകൊണ്ടാണ് ഇയാൾ സ്ത്രീയുടെ തലയിൽ തുപ്പിയത്. തുടർന്ന് മുടി വകഞ്ഞുമാറ്റി സ്റ്റൈൽ ചെയ്തു കാണിക്കുന്നതും വീഡിയോയിൽ കാണാം. ഇത് കണ്ട് ആദ്യം ഞെട്ടിയ പ്രേക്ഷകർ പിന്നീട് കയ്യടിക്കുകയും ചെയ്തു. ബ്യൂട്ടി പാർലർ ഉടമയായ പൂജ ഗുപ്തയാണ് ഇത്തരമൊരു അധിക്ഷേപത്തിന് ഇരയായത്. തുടർന്ന് സംഭവത്തെപ്പറ്റി പൂജ പ്രതികരിക്കുന്ന വീഡിയോയും വൈറലായിരുന്നു.
താൻ കഴിഞ്ഞ ദിവസം ജാവേദ് ഹബീബ് സാറിന്റെ ഒരു വർക്ക്‌ഷോപ്പിൽ പങ്കെടുത്തിരുന്നു. അവിടെ വച്ച് അദ്ദേഹം എന്നെ മുടിവെട്ടാൻ സ്റ്റേജിലേക്ക് ക്ഷണിച്ചു. തുടർന്ന് അദ്ദേഹം എന്നോട് മോശമായി പെരുമാറി. നിങ്ങളുടെ പാർലറിൽ വെള്ളമില്ലെങ്കിൽ തുപ്പൽ ഉപയോഗിക്കാമെന്ന് പറഞ്ഞ് തന്റെ തലയിൽ രണ്ട് തവണ തുപ്പി. താൻ ഇതിന് ശേഷം മുടി വെട്ടുന്നതിന് തയ്യാറായില്ലെന്നും ഇനിമുതൽ തെരുവിലെ ക്ഷുരകന്റെ അടുത്ത് പോയി മുടി വെട്ടിയാലും ഹബീബിന്റെ അടുത്തേക്ക് പോകില്ലെന്നും പൂജ ഗുപ്ത പറയുന്ന വീഡിയോ ജാവേദിനെതിരെ വൻ പ്രതിഷേധമുയർത്തിയിരുന്നു.
താൻ ജാവേദ് ഹബീബിന്റെ വർക്ക് ഷോപ്പിൽ പങ്കെടുത്തത് കുറച്ച് കാര്യങ്ങൾ പഠിക്കുന്നതിന് വേണ്ടിയായിരുന്നു. തന്റെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകുന്നുണ്ടായിരുന്നില്ല. തുടർന്ന് മുടി വെട്ടുന്നത് പഠിപ്പിച്ചു നൽകുന്നതിനായി തന്നെ സ്റ്റേജിലേയ്ക്ക് വിളിപ്പിച്ചു. വെള്ളമില്ലെങ്കിൽ തുപ്പൽ ഉപയോഗിക്കാമെന്ന് പറഞ്ഞ് തന്റെ മുടിയിൽ രണ്ട് തവണ തുപ്പിയെന്നും പൂജ വെളിപ്പെടുത്തി. സ്റ്റേജിൽ നിന്ന് പുറത്തേയ്ക്ക് വന്നപ്പോൾ ഹബീബ് തമാശയ്ക്ക് ചെയ്തതാണെന്ന് ഹബീബിന്റെ അസിസ്റ്റൻറ്റ് പറഞ്ഞതായും പൂജ ഒരു അഭിമുഖത്തിൽ പറഞ്ഞു.